NEWSWorld

യു.എ.ഇ ഗോള്‍ഡന്‍ വീസ കിട്ടാക്കനിയാണോ…?ലഭിക്കാനുള്ള യോഗ്യതകൾ എന്തൊക്കെ, അർഹതയുള്ള വിഭാഗങ്ങൾ ആരൊക്കെ എന്നും അറിയുക

ഗോള്‍ഡന്‍ വീസ യുഎഇ ഗവൺമെൻ്റിൻ്റെ വിപ്ലവകരമായ ഒരു ചുവടുവയ്പായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് മലയാളി സമൂഹം ഇതിനെ വരവേറ്റത്. ഗോള്‍ഡന്‍ വീസ ആരംഭിക്കുന്നത് 2019 ലാണ്. രാജ്യത്ത് മികച്ച സംഭാവനകള്‍ നല്‍കുന്ന വ്യക്തികൾക്കു മാത്രമാണ് ആദ്യ കാലത്ത്  ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നതെങ്കിലും പിന്നീട് ‌കൂടുതല്‍ ഇളവുകള്‍ വന്നു. തുടർന്ന് ധാരാളം പേർക്ക് ഇത്  ലഭിച്ചു. ഇതുവരെ1,60,000 ലധികം ഗോള്‍ഡന്‍ വീസകള്‍  നല്‍കി കഴിഞ്ഞു.

യുഎഇയിൽ 10 വ‍ർഷത്തേക്കുളള താമസവീസയാണ് ഇതിലെ പ്രധാന ആക‍ർഷണം. താമസ വീസയെടുക്കാൻ ഇവിടെ സ്പോണ്‍സർ ആവശ്യമാണ്. ജോലി ചെയ്യുന്ന കമ്പനിക്കോ യുഎഇയിൽ താമസവീസയുളള കുടുംബാംഗത്തിനോ സ്പോണ്‍സറാകാം. എന്നാല്‍ ഗോള്‍ഡന്‍ വീസയ്ക്ക് സ്പോണ്‍സർ ആവശ്യമില്ല. സാധാരണ വീസകളെപ്പോലെ ഇത് രണ്ടോ മൂന്നോ വർഷം കൂടുമ്പോള്‍ പുതുക്കേണ്ട കാര്യവുമില്ല.

ഗോള്‍ഡന്‍ വീസയുളളവരുടെ പങ്കാളിയെയും കുട്ടികളെയും അവർക്ക് സ്പോണ്‍സർ ചെയ്യാം.  അവിവാഹിതയായ പെണ്‍മക്കളെ  എത്രവയസുവരെയും  സ്പോണ്‍സർ ചെയ്യാം. ആണ്‍കുട്ടികളെ സ്പോണ്‍സർ ചെയ്യുന്നതിനുളള പ്രായപരിധി ഇപ്പോൾ 25 വയസാക്കി ഉയർത്തി. ഗോള്‍ഡന്‍ വീസയുളളവർക്ക് സ്പോണ്‍സർ ചെയ്യാന്‍ കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിലും പരിധിയില്ല. മാത്രമല്ല രാജ്യത്തിന് പുറത്ത് ആറുമാസത്തിലധികം നിന്നാലും വീസ റദ്ദാകില്ല എന്നതും പ്രധാനമാണ്.

◼️ ആരോഗ്യമേഖലയില്‍ പ്രവർത്തിക്കുന്നവർ, മാധ്യമ- ഐടി മേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവർക്കും മാസ വരുമാനം 30,000 ദിർഹത്തിന് മുകളിലുള്ള മറ്റ് മേഖലയിലുളളവർക്കും ഗോള്‍ഡന്‍ വീസയ്ക്ക് അർഹതയുണ്ട്. എന്നാല്‍ ജോലിയെന്ന മാനദണ്ഡമില്ലാതെ വിവിധ വിഭാഗങ്ങള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിക്കും.

◼️ വസ്തുവാങ്ങുന്ന യുഎഇയിലെ പ്രവാസികൾക്ക് ഗോള്‍ഡന്‍ വീസ ലഭിക്കും. എന്നാല്‍ മൊത്തം വസ്തുമൂല്യം ഏറ്റവും കുറഞ്ഞത് 2 ദശലക്ഷം ദിർഹമായിരിക്കണം എന്നതാണ് വ്യവസ്ഥ. ഗോള്‍ഡന്‍ വീസ ലഭിക്കുന്നതിന് നിക്ഷേപകർ ഒരു ദശലക്ഷം ദിർഹം ഡൗണ്‍പെയ്മെന്‍റ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കി.

◼️ രണ്ടു ദശലക്ഷം ദിർഹം ഏറ്റവും കുറഞ്ഞത് 2 വ‍ർഷത്തേക്ക്  യുഎഇയിലെ പ്രാദേശിക ബാങ്കില്‍ നിക്ഷേപമുളള വ്യക്തിക്ക് ഗോള്‍ഡന്‍ വീസ ലഭിക്കാന്‍ അർഹതയുണ്ട്.

◼️ ഒരു ദശലക്ഷം ദിർഹത്തില്‍ കുറയാത്ത വാർഷിക വരുമാനമുളള സ്റ്റാ‍ർട് അപ്പിന്‍റെ ഉടമയോ പങ്കാളിയോ ആണെങ്കില്‍ ഗോള്‍ഡന്‍ വീസയ്ക്ക് അർഹതയുണ്ട്. 7 ദശലക്ഷം ദിർഹത്തില്‍ കുറയാത്ത മൂല്യത്തില്‍ വിറ്റുപോയ സംരംഭത്തിന്‍റെ ഉടമയോ ഉടമകളില്‍ ഒരാളോ ആണെങ്കില്‍ ആ വ്യക്തിയ്ക്കും ഗോള്‍ഡന്‍ വീസയ്ക്ക് അർഹതയുണ്ട്.

◼️ ശാസ്ത്ര ഗവേഷണ മേഖലയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയവർക്ക് എമിറേറ്റ്‌സ് സയൻ്റിസ്റ്റ്‌സ് കൗൺസിലിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷിക്കാം. എൻജിനീയറിങ് , ടെക്നോളജി, ലൈഫ് സയൻസസ്, നാച്ചുറൽ സയൻസസ് എന്നീ വിഷയങ്ങളിൽ ലോകത്തെ  മികച്ച സർവകലാശാലകളിൽ നിന്നുള്ള പിഎച്ച്ഡി അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും ഗണ്യമായ ഗവേഷണ നേട്ടങ്ങളും ഉണ്ടായിരിക്കണം.
 
◼️ യുഎഇയിലെ സ്‌കൂളുകളിൽ  മികച്ച വിദ്യാഭ്യാസ നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്കും യുഎഇ സർവകലാശാലകളിൽ നിന്നും, യുഎഇ ലിസ്റ്റ് ചെയ്ത  ലോകത്തെ മികച്ച 100 സർവകലാശാലകളിൽ നിന്നും  പഠനമികവില്‍ ബിരുദം നേടിയവർക്കും 10 വർഷത്തെ വീസയ്ക്ക് അപേക്ഷിക്കാം.

Back to top button
error: