KeralaNEWS

ഏഴാം ക്ലാസ് വിദ്യാർത്ഥിനി ലഹരി മാഫിയയുടെ വലയിലകപ്പെട്ട കേസ്: പൊലീസ് അന്വേഷണം അവസാനിപ്പിച്ചെങ്കിലും ഇരയായ പെൺകുട്ടി 16ന് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി

    വടകര: അഴിയൂരിലെ സ്ക്കൂൾ വിദ്യാർത്ഥിനിയായ 12 കാരിയെ ലഹരിമാഫിയ കാരിയറാക്കിയ സംഭവത്തിൽ വഴിത്തിരിവ്. അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനിയുടെ മാതാവ് നൽകിയ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി.

കേസിൽ സംസ്ഥാന സർക്കാർ മറുപടി നൽകാതെ വീണ്ടും സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സംഭവത്തിൻ്റെ ഗൗരവം ബോധ്യപ്പെട്ട ഹൈക്കോടതി ലഹരി മാഫിയയുടെ ഇരയായ വിദ്യാർത്ഥിനിയെ നേരിട്ട് കേൾക്കാൻ തീരുമാനിച്ചത്. ഈ മാസം 16ന് വിദ്യാർത്ഥിനിയോട് നേരിട്ട് ചേംബറിൽ ഹാജരാവാൻ ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ് ഉത്തരവിട്ടു. കൃത്യമായ സാഹചര്യ തെളിവുകൾ ഉണ്ടായിട്ടും, ലഹരി മാഫിയയുടെ വിവരങ്ങൾ ലഭ്യമായിട്ടും പോലീസ് അന്വേഷണം ശരിയായ രീതിയിൽ നടന്നിരുന്നില്ല എന്ന ആരോപണം പല ഇടങ്ങളിൽ നിന്നും ഉയർന്നിരുന്നു.

12 വയസ്സുകാരിയായ മകൾക്ക് മാരക ലഹരി നല്‍കി പ്രലോഭിപ്പിച്ച് കാരിയറായി ഉപയോഗിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍, പിടിഎ, പൊലിസ് എന്നിവരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചകളുണ്ടായെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു.

സംഭവത്തിൽ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ
തുടക്കത്തിൽ ചോമ്പാല പൊലീസ് ഒരു യുവാവിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. തുടർന്ന് വടകര ഡിവൈ.എസ്.പി അന്വേഷിച്ചിട്ടും പ്രതികളിലേയ്ക്ക് എത്താൻ സാധിച്ചില്ല. അന്വേഷണം അവസാനിപ്പിച്ചതായി കഴിഞ്ഞയാഴ്ച പൊലീസ് വിദ്യാർത്ഥിനിയുടെ മാതാവിന് നോട്ടീസ് നൽകിയിരുന്നു. വിദ്യാർത്ഥിനിയുടെ മാതാവ് അഡ്വ. രാജസിംഹൻ മുഖേന നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്

Back to top button
error: