തിരുവനന്തപുരം: ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന് 20 പേഴ്ണല്‍ സ്റ്റാഫ് അംഗങ്ങള്‍. പൊതുഭരണവകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞക്ക് മുമ്പ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറക്കുമെന്ന് ഗണേഷ്‌കുമാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം നടപ്പിലായില്ല.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ എണ്ണം കുറക്കുമെന്നായിരുന്നു ഗണേഷ് കുമാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. പരമാവധി 25 പേരെ ഒരു മന്ത്രിക്ക് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താം.
ഗണേഷ്‌കുമാറിന്റെ പിഎസിന്റെയും ഒരു ഡ്രൈവറുടെയും ഉത്തരവാണ് ആദ്യം പുറത്തിറക്കിയത്. തുടര്‍ന്നാണ് മുഴുവന്‍ സ്റ്റാഫുകളെയും ഉള്‍പ്പെടുത്തി ഇപ്പോള്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
അതേസമയം, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പരോക്ഷ മറുപടിയുമായി മന്ത്രി ഗണേഷ് കുമാര്‍. ശാശ്വതികാനന്ദ സ്വാമി സിംഹാസനത്തിലിരുത്തിയവര്‍ അവിടെ മലീമസമാക്കുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അവരുടെ സംസ്‌കാരത്തിനനുസരിച്ച് മറുപടി പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. ശ്രീനാരായണ ഏകീകരണ പിന്നാക്ക സംഘടനകളുടെ കേരള കോണ്‍ഗ്രസ് -ബി ലയന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്വഭാവശുദ്ധിയില്ലാത്തയാളെ മന്ത്രിയാക്കിയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ഇതിനാണ് ഗണേഷിന്റെ മറുപടി.