KeralaNEWS

കോടതിച്ചെലവ് കൂടും; വ്യവഹാര ഫീസ് വര്‍ധനയിലൂടെ ലക്ഷ്യമിടുന്നത് 101.41 കോടി

തിരുവനന്തപുരം: കോടതി വ്യവഹാരങ്ങള്‍ക്കു ചെലവേറും. ഫീസ് വര്‍ധനയിലൂടെ 101.41 കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് 138 ാം വകുപ്പിന് കീഴില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ നിരസിക്കപ്പെടുന്ന ചെക്കിന്റെ തുക 10,000 രൂപ വരെയാണെങ്കില്‍ 250 രൂപയാണ് ഇനി ഫീസ്. 10 രൂപയാണ് ഈടാക്കിക്കൊണ്ടിരുന്നത്. 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ 3 ലക്ഷം രൂപ വരെയുള്ള കേസുകള്‍ക്കു ചെക്ക് തുകയുടെ 5% ഫീസ് അടയ്ക്കണം.

കുറ്റാരോപിതന്‍ സെഷന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യുന്ന അപ്പീലിന് 1000 രൂപയും ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് വിചാരണക്കോടതിയില്‍ ഒടുക്കിയ ഫീസിന്റെ പകുതിക്കു തുല്യമായ തുകയും നല്‍കണം. ഹൈക്കോടതിയില്‍ പരാതിക്കാരന്‍ ഫയല്‍ ചെയ്യുന്ന റിവിഷന്‍ പെറ്റീഷനില്‍ ചെക്ക് തുകയുടെ പത്തിലൊന്നും ശിക്ഷാവിധിക്കെതിരെ കുറ്റാരോപിതന്‍ ഫയല്‍ ചെയ്യുന്ന റിവിഷന്‍ പെറ്റീഷനുകളില്‍ 1500 രൂപയും കോടതി ഫീസായി ഉയര്‍ത്തി.

Signature-ad

10 രൂപ അടച്ച് കോടതിയില്‍ ചെക്ക് കേസ് ഫയല്‍ ചെയ്യാമായിരുന്ന അവസ്ഥ മാറി 250 മുതല്‍ 3 ലക്ഷംരൂപവരെ കോടതി ഫീസ് ഉയരുന്നത് ഇത്തരം കേസുകളുമായി കോടതിയെ സമീപിക്കുന്നവര്‍ക്കു തിരിച്ചടിയാകും. കുടുംബക്കോടതികളില്‍ വസ്തു സംബന്ധമായ കേസുകള്‍ ഫയല്‍ ചെയ്യുന്നത് 50 രൂപയായിരുന്നത് പരിഷ്‌കരിച്ചു 200 രൂപ മുതല്‍ 2 ലക്ഷം രൂപവരെയാക്കിയിട്ടുണ്ട്. ഹൈക്കോടതിയില്‍ നല്‍കുന്ന അപ്പീലിലും ഇതേ നിരക്കിലാണ് ഫീസ് ഈടാക്കുന്നത്.

ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുന്നതിനു 100 രൂപയാണ് ഫീസ്. ഒന്നിലേറെ ഹര്‍ജിക്കരാണ്ടെങ്കില്‍ അവര്‍ ഓരോരുത്തരും ഇതു നല്‍കണം. റിട്ട് ഹര്‍ജിക്ക് അനുബന്ധ ഫീസ് എല്ലാം ഉള്‍പ്പെടെ പരമാവധി 172 രൂപയാണ് ഈടാക്കുന്നത്. നിലവില്‍ സിവില്‍ കോടതികളില്‍ മണി സ്യൂട്ട് ഫയല്‍ ചെയ്യുന്നതിനാണ് ഏറ്റവുമധികം ഫീസ് ഈടാക്കുന്നത്.

Back to top button
error: