തിരുവനന്തപുരം: എല്‍.ഡി.എഫില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് ധാരണയായി. രണ്ട് സീറ്റ് ആവശ്യപ്പെട്ടെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ് മാത്രമാണു നല്‍കിയത്. സി.പി.എം 15ഉം സി.പി.ഐ നാലും സീറ്റില്‍ മത്സരിക്കും. 10നു ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം.
ഇതുവരെ സി.പി.എം 16 സീറ്റുകളിലാണു മത്സരിച്ചുവന്നിരുന്നത്. ഇത്തവണ ഒരു സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായായിരുന്നു കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയ്ക്കൊപ്പം ചേര്‍ന്നത്. ഇതോടെയാണ് ഒരു സീറ്റ് അവര്‍ക്കു നല്‍കാന്‍ സി.പി.എം തീരുമാനിച്ചത്.
കേരള കോണ്‍ഗ്രസ് രണ്ട് സീറ്റ് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. യു.ഡി.എഫിലിരിക്കെ കൈവശംവച്ചിരുന്ന കോട്ടയത്തിനു പുറമെ ഇത്തവണ പത്തനംതിട്ട സീറ്റ് കൂടി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, സി.പി.എം നേതൃത്വം അതിനു വഴങ്ങിയിട്ടില്ല. കേരള കോണ്‍ഗ്രസ് തീരുമാനം അംഗീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.