NEWSWorld

മസ്ജിദ്  തകര്‍ത്ത ഭൂമിയിലാണ് രാമക്ഷേത്രം നിര്‍മിച്ചതെന്ന് ബി.ബി.സി; വിമര്‍ശനവുമായി ബ്രിട്ടീഷ് എം.പി

ലണ്ടൻ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനെക്കുറിച്ചുള്ള ബി.ബി.സി വാർത്തയ്‌ക്കെതിരെ ബ്രിട്ടീഷ് എം.പി. പക്ഷപാതപരമായാണ് ചാനല്‍ വാർത്ത റിപ്പോർട്ട് ചെയ്തതെന്ന് കണ്‍സർവേറ്റീവ് പാർട്ടി നേതാവായ ബോബ് ബ്ലാക്ബേണ്‍ ആരോപിച്ചു.

ബാബരി തകർത്ത ഭൂമിയിലാണ് രാമക്ഷേത്രം ഉയർന്നതെന്ന ബി.ബി.സി റിപ്പോർട്ടാണ് എം.പിയെ ചൊടിപ്പിച്ചത്.

കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാർലമെന്റിലാണ് ചാനലിനെതിരെ ബോബ് ബ്ലാക്ബേണ്‍ രംഗത്തെത്തിയത്. ”കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടന്നു. ശ്രീരാമന്റെ ജന്മഭൂമിയിലായതിനാല്‍ ലോകത്തെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് അതു വലിയ സന്തോഷമായിരുന്നു. എന്നാല്‍, ഏറെ ദുഃഖകരമായ കാര്യം, ഒരു പള്ളി തകർത്ത ഭൂമിയിലാണ് ഇതു നിർമിച്ചതെന്നാണ് ബി.ബി.സി ചടങ്ങിന്റെ റിപ്പോർട്ടില്‍ പറഞ്ഞത്.”-എം.പി പറഞ്ഞു.

Signature-ad

 

പള്ളി തകർക്കുന്നതിന് 2,000 വർഷംമുൻപ് അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്ന യാഥാർത്ഥ്യം മറക്കുകയാണ് ബി.ബി.സിയെന്നും ബ്ലാക്ബേണ്‍ ആരോപിച്ചു. ഇതേ നഗരത്തോട് ചേർന്നുതന്നെ പള്ളി ഉയർത്താനായി അഞ്ച് ഏക്കർ ഭൂമി മുസ്‌ലിംകള്‍ക്കു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ വസ്തുതാപരമായി രേഖപ്പെടുത്തുന്നതില്‍ ബി.ബി.സിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ചാനലിന്റെ പക്ഷപാതിത്വത്തെക്കുറിച്ചു ചർച്ച ചെയ്യാൻ കൂടുതല്‍ സമയം അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.ബി.ബി.സിയുടെ രാമക്ഷേത്ര റിപ്പോർട്ടിങ്ങിനെ സോഷ്യല്‍ മീഡിയയിലും ബോബ് ബ്ലാക്ബേണ്‍ വിമർശിച്ചു.

Back to top button
error: