KeralaNEWS

കാസർകോട്ടുകാരുടെ ഒരു ഭാഗ്യം; കാസർകോട് വഴി മൂന്നാമത്തെ വന്ദേഭാരതും പ്രഖ്യാപിച്ചു

കാസർകോട്: മംഗളൂരു – മഡ്ഗാവ് (ഗോവ) വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലേക്ക് നീട്ടുന്നു.റെയില്‍വേ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട്ടേക്കോ കണ്ണൂരിലേക്കോ ആണ് നീട്ടുക.ഇതുൾപ്പടെ സമയക്രമങ്ങൾ പിന്നീട് അറിയിക്കും.
കഴിഞ്ഞ ഡിസംബർ 30നാണ് മംഗളൂരു-മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ലാഗ് ഓഫ് ചെയ്തത്. നിലവില്‍ മംഗളൂരു സെൻട്രലില്‍ നിന്ന് രാവിലെ 8.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.10 ന് മഡ്ഗാവില്‍ എത്തിച്ചേരുന്നു. ഉഡുപിയിലും (9.50) കാർവാറിലും (12.10) സ്റ്റോപ് ഉണ്ട്. മടക്കയാത്രയില്‍ മഡ്ഗാവില്‍ നിന്ന് വൈകീട്ട് 6.10ന് പുറപ്പെടുന്നു. കാർവാറിർ 6.57നും ഉഡുപിയില്‍ 9.14നും മംഗ്ളുറു സെൻട്രലില്‍ 10.45നും എത്തിച്ചേരുന്നു. എട്ടു കോച്ചുകളാണുള്ളത്.

ഈ ട്രെയിനിന് യാത്രക്കാരില്‍ നിന്ന് വേണ്ടത്ര പ്രതികരണം ലഭിക്കാത്തതാണ്  കേരളത്തിലേക്ക് നീട്ടുന്നതിനുള്ള പ്രധാന കാരണം.നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വന്ദേഭാരതിന് യാത്രക്കാരുള്ളത് തിരുവനന്തപുരം – കാസർകോട് റൂട്ടിലാണ്.

സർവീസ് ആരംഭിച്ചാല്‍ കാസർകോട് വഴി കടന്നുപോകുന്ന മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും ഇത്. നിലവില്‍ രണ്ട് സെമി-ഹൈ സ്പീഡ് ട്രെയിനുകള്‍ കാസർകോട് – തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. സർവീസ് ആരംഭിക്കുന്ന മുറയ്ക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്നവർക്ക് ആശ്രയിക്കാവുന്ന തരത്തില്‍ ബൈന്തൂരില്‍ (മൂകാംബിക റോഡ്) സ്റ്റോപ് അനുവദിച്ചാല്‍ മലയാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.
അതിനിടെ ബംഗളൂരു – കണ്ണൂർ  എക്സ്പ്രസ് (16511/12) കോഴിക്കോട് വരെ നീട്ടിയതില്‍ കർണാടകയിൽ  പ്രതിഷേധം ശക്തമാണ്. ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടരുതെന്ന് ദക്ഷിണ കന്നഡ എംപിയും ബിജെപി നേതാവുമായ നളിൻ കുമാർ കട്ടീല്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽക്കണ്ട് അഭ്യർഥിച്ചിട്ടുണ്ട്.

Back to top button
error: