Fiction

അതിജീവനത്തിൻ്റെ പാത കണ്ടെത്തൂ, ഓരോ നിമിഷവും ആസ്വദിക്കാന്‍ പഠിക്കൂ

വെളിച്ചം

   രാജ്യം വലിയ പട്ടിണിയിലേക്ക് കടക്കുകയാണെന്ന് രാജാവിന് മനസ്സിലായി.  കാലാവസ്ഥാ വ്യതിയാനം തന്റെ രാജ്യത്ത് വന്‍ വിപത്താണ് വിതച്ചത്.  വളരെ കഷ്ടപ്പെട്ട് അദ്ദേഹം തന്റെ ഖജനാവ് കാലിയാകാതെ രാജ്യത്തെ രക്ഷിച്ചു.

പക്ഷേ, ഇനിയും ഇത്തരം ദുരന്തങ്ങള്‍ തന്നെ തേടിവരുമോ എന്ന് പേടിച്ച് ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായി അദ്ദേഹം. ഒടുവിൽ പോംവഴി തേടി രാജഗുരുവിനെ സമീപിച്ചു. ഗുരു ഒരു വഴി ഉപദേശിച്ചു.  രാജഭരണം മറ്റൊരാളെ ഏല്‍പ്പിക്കുക.  രാജാവ് ഗുരുവിനു തന്നെ രാജഭരണം  കൈമാറി. ഒരു ഉദ്യോഗസ്ഥനായി മാറി തന്റെ ജോലികള്‍ അദ്ദേഹം കൃത്യമായി  നിറവേറ്റി.  അങ്ങനെ രാജാവിന്റെ ഭയം മാറി. ഉറക്കം തിരിച്ചെത്തി. കൂടുതല്‍ ഉന്മേഷത്തോടെ അദ്ദേഹം തന്റെ ജോലികൾ ചെയ്തുതീര്‍ത്തു.

തനിക്ക് വന്ന മാറ്റത്തിന് കാരണം തേടി ഗുരുവിനടുത്തെത്തിയ രാജാവിനോട് ഗുരു പറഞ്ഞു:
“ഇപ്പോള്‍ അങ്ങ് ഈ ഭരണം ഒരു ബാധ്യതയായി കാണാതെ ചുമതലായി കണ്ടു. താങ്കളുടെ ഈ മാറ്റത്തിന് കാരണം അതാണ്.”

നമുക്ക് രണ്ടുരീതിയില്‍ ജോലി ചെയ്യാം.  ആസ്വദിച്ചും ആശങ്കപ്പെട്ടും… പൂര്‍ണ്ണസംതൃപ്തിയും പൂര്‍ണ്ണ അതൃപ്തിയും സമ്മാനിക്കുന്ന ഒരു കര്‍മ്മവീഥിയും ഉണ്ടാകില്ല. ഏത് മേഖല തിരഞ്ഞെടുത്താലും ആ വഴികളിലെല്ലാം അസ്വസ്ഥതയും ആനന്ദവും ഉണ്ടായിരിക്കും.   സമരസപ്പെടാനും മറികടക്കാനുമുളള കഴിവാണ് ഓരോ ചുവടുകളെയും ചലാനാത്മകമാക്കുന്നത്.

ജീവിതത്തില്‍ അര്‍ദ്ധവിരാമങ്ങള്‍ നല്ലതാണ്.  വിശ്രമിക്കാനും വിചിന്തനം ചെയ്യാനും സ്വയം പ്രചോദിപ്പിക്കാനും അത്തരം ഇടവേളകള്‍ പ്രയോജനം ചെയ്യും.
പക്ഷേ, ജീവിതത്തില്‍ പൂര്‍ണ്ണവിരാമമിട്ടാല്‍ പിന്നെയൊരു തിരിച്ചുവരവ് ഉണ്ടായെന്ന് വരില്ല.  അതിജീവനത്തിൻ്റെ വഴികള്‍ സ്വയം പരിശീലിക്കാം.. ഒപ്പം ഓരോ നിമിഷവും ആസ്വദിക്കാന്‍ ശീലിക്കാം.

ഉല്ലാസകരമായ ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം- നിപു കുമാർ

Back to top button
error: