Fiction

വ്യക്തി ഒരു തുരുത്തല്ല, സമൂഹത്തിൻ്റെ സ്പന്ദനങ്ങൾ തൊട്ടറിയണം

ഹൃദയത്തിന് ഒരു ഹിമകണം- 21

ഒരു ഗ്രാമത്തിൽ ഒരു ശിൽപി ഉണ്ടായിരുന്നു. പട്ടിണിയുടെയും ക്ഷാമത്തിന്റെയും രോഗങ്ങളുടെയും കാലം വന്നപ്പോൾ ശിൽപി അയാളുടെ വീടിന്റെ കതക് അഴിച്ച് പണിതു. പുതിയ ഡോറിന് പുറത്ത് നിന്ന് ഹാൻ്റിൽ ഇല്ല. അകത്ത് നിന്ന് മാത്രം. അതായത് ‘പുറത്ത് നിന്നും ആരും ഇങ്ങോട്ട് വരണ്ട. എനിക്കാവശ്യമുള്ളപ്പോൾ ഞാൻ പുറത്ത് വരും’ എന്ന മട്ട്.

കുറെ ദിവസത്തേയ്ക്ക് ശിൽപി പുറത്തിറങ്ങിയില്ല. ഭക്ഷണസാധങ്ങളൊക്കെ ആവശ്യത്തിൽ കൂടുതൽ സംഭരിച്ച് ശിൽപിയും കുടുംബവും വീട് പൂട്ടി സ്വൈര്യമായി കഴിയുകയാണ്.

കഥയുടെ രണ്ടാം ഭാഗം ഇങ്ങനെയാണ്. ശിൽപി രോഗിയായി. ചികിത്സ വേണം. നാളുകൾക്ക് ശേഷമാണ് അകത്തെ ഹാൻ്റിലിൽ ഒരു വിറച്ച കൈ തൊടുന്നത്. ശിൽപി പുറത്തിറങ്ങി. ചികിത്സ വേണം. പക്ഷെ പുറത്തെങ്ങും, വഴിയിലെങ്ങും ആരെയും കാണുന്നില്ല. രോഗം മൂർഛിച്ച് ആളുകൾ ആ ഗ്രാമം ഉപേക്ഷിച്ച് പോയിരുന്നു. ചികിത്സാകേന്ദ്രങ്ങളൊക്കെ അടച്ചു പൂട്ടിയിരുന്നു. ഗ്രാമത്തെ പുറത്താക്കി വാതിലടച്ച ഒരാൾ അതേ ഗ്രാമത്തിൽ അനാഥനായി മരിച്ചു വീഴുകയാണ്.

കഥയുടെ ഗുണപാഠങ്ങളിലേയ്‌ക്കോ വ്യാഖ്യാനങ്ങളിലേയ്ക്കോ കടക്കുന്നില്ല. ഒന്ന് പറയാം: മനുഷ്യൻ ഒരു ദ്വീപല്ല.

അവതാരക: സിമിലി ജോർജ്
സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: