HealthLIFE

പൂനത്തിന്റെ ജീവനെടുത്തത് സെര്‍വിക്കല്‍ കാന്‍സര്‍; രോഗത്തെ അറിയാം ലക്ഷണങ്ങളെയും

സെര്‍വിക്കല്‍ കാന്‍സറിനെ (ഗര്‍ഭാശയഗള അര്‍ബുദം) തുടര്‍ന്ന് മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചതിന് പിന്നാലെയാണ് സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയരുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ സ്ത്രീകള്‍ക്ക് സാധാരണമായി വരുന്ന കാന്‍സറുകളില്‍ നാലാം സ്ഥാനത്താണ് സെര്‍വിക്കല്‍ കാന്‍സര്‍.

ഹ്യൂമന്‍ പാപ്പിലോമ വൈറസ് ആണ് 90 ശതമാനം സെര്‍വിക്കല്‍ കാന്‍സര്‍ കേസുകള്‍ക്കും കാരണം. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഈ വൈറസ് തൊണ്ട, ജനനേന്ദ്രിയം, ചര്‍മ്മം എന്നിവയെയാണ് ബാധിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഇതിന് രോഗ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന എല്ലാ വ്യക്തികളിലും ഈ വൈറസ് ഉണ്ടാകും.

പൊതുവെ രോഗപ്രതിരോധ സംവിധാനത്തിലൂടെ വൈറസ് ശരീരത്തില്‍ നിന്നും വിട്ടുപോകാറുണ്ട്. എന്നാല്‍ അപൂര്‍വം ചിലരുടെ ശരീരത്തില്‍ വൈറസ് നിലനില്‍ക്കുകയും അത് അസാധാരണ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യും. ഇത് കാന്‍സറിലേക്ക് നയിക്കുന്നു. കോശങ്ങള്‍ വളര്‍ന്ന് കാന്‍സര്‍ ആകാന്‍ 15 മുതല്‍ 20 വര്‍ഷമെടുക്കും. എന്നാല്‍ ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ള സ്ത്രീകളില്‍ കോശങ്ങള്‍ വളരാന്‍ അഞ്ച് മുതല്‍ 10 വര്‍ഷം മാത്രം മതി.

2020ലെ ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്ത് 6,04,000 സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പകുതിയാളുകളും മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുപ്രായത്തില്‍ തന്നെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക എന്നതും ഈ അര്‍ബുദത്തിനു കാരണമാകാം. അതേസമയം, മറ്റു കാന്‍സറുകളെ അപേക്ഷിച്ച് ജനിതകമായ ഘടകങ്ങള്‍ സെര്‍വിക്കല്‍ കാന്‍സറില്‍ ബാധകമായി കണ്ടിട്ടില്ല. പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് സെര്‍വിക്കല്‍ കാന്‍സര്‍.

2024ല്‍ കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധിക്കുന്നതിന് ഒന്‍പതു മുതല്‍ 14 വരെ പ്രായമായ പെണ്‍കുട്ടികളില്‍ പ്രതിരോധ കുത്തിവെയ്പ് എടുക്കാന്‍ സര്‍ക്കാര്‍ പദ്ധതി സ്വീകരിക്കുന്നതായി അറിയിച്ചു.

സെവിക്കല്‍ കാന്‍സര്‍ ലക്ഷണങ്ങള്‍

ആര്‍ത്തവവിരാമത്തിന് ശേഷമോ അല്ലെങ്കില്‍ ലൈംഗിക ബന്ധത്തിന് ശേഷമോ അസാധാരണമായ രക്തസ്രാവം ഉണ്ടാവുക

യോനിയില്‍ നിന്ന് ദുര്‍ഗന്ധത്തോടു കൂടിയ വൈറ്റ് ഡിസ്ചാര്‍ജ്

മുതുകിലും കാലുകളിലും പെല്‍വിസിലും സ്ഥിരമായ വേദന

ശരീരഭാരം, ക്ഷീണം, വിശപ്പില്ലായ്മ

യോനിയില്‍ അസ്വസ്ഥത

കാലുകളില്‍ വീക്കം അനുഭവപ്പെടുക

 

 

Back to top button
error: