KeralaNEWS

തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലം? തുള്ളിവെള്ളം ഉള്ളില്‍ച്ചെല്ലാതെ 15 മണിക്കൂര്‍

വയനാട്: മയക്കുവെടി വച്ച് പിടികൂടി കര്‍ണാടകയ്ക്കു കൈമാറിയ കാട്ടാന ചരിഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയില്‍ കയറ്റി കൊണ്ടുപോയത്. തുടര്‍ന്ന് കര്‍ണാടകയ്ക്ക് കൈമാറി. ആനയെ അര്‍ധരാത്രിയോടെ ബന്ദിപ്പുര്‍ രാമപുര ക്യാമ്പില്‍ എത്തിച്ചശേഷം വനത്തില്‍ തുറന്നുവിടാന്‍ ശ്രമിക്കവെ ലോറിയില്‍ കുഴഞ്ഞുവീണെന്നാണ് വിവരം.

ഇതിനു പിന്നാലെയാണ് ആന ചരിഞ്ഞത്. ആനയുടെ കാലിനു പരുക്കുണ്ടായിരുന്നുവെന്ന് ഇന്നലെ കര്‍ണാടകയില്‍നിന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ആനയെ മയക്കുവെടി വച്ച് വാഹനത്തില്‍ കയറ്റുന്ന സമത്തു തന്നെ തീര്‍ത്തും അവശനായിരുന്നു. എന്നാല്‍ എന്താണ് മരണ കാരണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല.

Signature-ad

ജനവാസ മേഖലയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഒരു മാസത്തിനിടെ രണ്ടു തവണ ഈ ആനയെ മയക്കുവെടി വച്ചിരുന്നു. നേരത്തെ ജനുവരി 10ന് കര്‍ണാടക ഹാസന്‍ ഡിവിഷനിലെ ബേലൂര്‍ എസ്റ്റേറ്റില്‍നിന്ന് പിടികൂടി ബന്ദിപ്പുര്‍ വനത്തില്‍ വിട്ടതായിരുന്നു തണ്ണീര്‍ക്കൊമ്പനെ. അവിടെനിന്നാണ് മാനന്തവാടിയില്‍ എത്തിയത്. മയക്കുവെടിയേറ്റതിനു ശേഷം 15 മണിക്കൂറോളം ആന മതിയായ വെള്ളം കിട്ടാതെ നിന്നിരുന്നു. ഇതേതുടര്‍ന്ന് നീര്‍ജലീകരണം സംഭവിച്ചതായും ഇലക്ട്രൊലൈറ്റ് അളവ് കുറഞ്ഞതോടെ ഹൃദയാഘാതം ഉണ്ടായതായുമായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് ആന തുടര്‍ച്ചയായി മണ്ണ് വാരി എറിഞ്ഞതെന്നും സംശയമുണ്ട്.

ഇന്നലെ പുലര്‍ച്ചെയാണ് പായോട് ആനയെ കണ്ടത്. തുടര്‍ന്ന് ആന മാനന്തവാടി ടൗണിലെത്തി. കഴിഞ്ഞ മാസം ബന്ദിപ്പുര്‍ വനമേഖലയില്‍നിന്നു മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണിതെന്നു സ്ഥിരീകരിച്ചു. പകല്‍ മുഴുവന്‍ ആന മാനന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേര്‍ന്നാണ് നിലയുറപ്പിച്ചത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായതിനാല്‍ ഉച്ചയോടെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവിടുകയായിരുന്നു.

ആനയെ പിടികൂടി ബന്ദിപ്പുര്‍ വനത്തില്‍ തന്നെ തുറന്നു വിടുന്നതിന് കര്‍ണാടക വനംവകുപ്പ് അനുമതി നല്‍കിയിരുന്നു. അതനുസരിച്ചാണ് ആനയെ ബന്ദിപ്പുര്‍ വനത്തിലെത്തിച്ചത്. ആന ചരിഞ്ഞെന്ന വിവരം പുലര്‍ച്ചെയോടെയാണ് പുറത്തുവന്നത്.

Back to top button
error: