IndiaNEWS

ഡല്‍ഹിയില്‍ 600 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു, കയ്യേറിയ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതെന്ന് ഡെല്‍ഹി വികസന അതോറിറ്റി

     രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 600 വര്‍ഷം പഴക്കമുള്ള പുരാതനമായ മുസ്ലിം പള്ളി അധികൃതര്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ദക്ഷിണ ഡെല്‍ഹിയിലെ മെഹ്റൗളി പരിസരത്തുള്ള മുസ്ലീം പള്ളിയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച്  ഇടിച്ചു നിരത്തിയത്. കയ്യേറിയ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ചാണ് വഖഫ് ബോര്‍ഡ് നിയന്ത്രണത്തിലുള്ള ഈ പള്ളി പൊളിച്ചുമാറ്റിയത്.

ആരവലി ഫോറസ്റ്റ് റേഞ്ചിലെ സംരക്ഷിത വനമായ സഞ്ജയ് വനത്തിന് ചുറ്റുമുള്ള പ്രദേശമാണിതെന്നും ഇവിടുത്തെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ റിഡ്ജ് മാനേജ്മെന്റ് ബോര്‍ഡിന്റെ ഉത്തരവുണ്ടെന്നുമാണ് വിഷയത്തില്‍ ഡെല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ വാദം.

പള്ളിയുടേത് അനധികൃത നിര്‍മാണമോയെന്ന് പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റും ഡിഡിഎ ഡയറക്ടറും അടങ്ങുന്ന പാനലിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് മസ്ജിദ് പൊളിക്കാനുള്ള തീരുമാനമെടുത്തത്. പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒന്നിലധികം ആരാധനാലയങ്ങള്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവയെല്ലാം പൊളിച്ച് നീക്കുമെന്നും പാനല്‍ വ്യക്തമാക്കി.

അതേസമയം, പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മുന്നറിയിപ്പോ നോട്ടീസോ ലഭിച്ചിട്ടില്ലെന്നും പുലര്‍ച്ചെ അഞ്ചരയ്ക്ക് വന്ന് മസ്ജിദ് ഒഴിയണം  എന്നാആവശ്യപ്പെടുകയായിരുന്നു എന്നും ഇമാം സാക്കിര്‍ ഹുസൈന്‍ പറഞ്ഞു.

പള്ളിയോട് ചേര്‍ന്ന് തന്നെ ഇരുപതോളം കുട്ടികള്‍ പഠിക്കുന്ന ഒരു മദ്രസയും പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ 15 പേര്‍ അവിടെ താമസിച്ച് പഠിക്കുന്നവരാണ്. പള്ളി പൊളിക്കാനെത്തിയവര്‍ ഫോണുകള്‍ തട്ടിയെടുത്തതായും സാധനങ്ങള്‍ പോലും മസ്ജിദിനുള്ളിൽ നിന്ന് മാറ്റാന്‍ അനുവദിക്കാതെ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും  പറയുന്നു. കുട്ടികളെ അടുത്തുള്ള മറ്റൊരു മദ്രസയിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

Back to top button
error: