IndiaNEWS

രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്ര’ ചീറ്റിപ്പോയ പടക്കം, ഈ കോമാളിക്കളി ഇടയ്ക്കുവച്ച് നിർത്താനും ആലോചന

      ഇംഫാലിലെ കൊങ്ജോമിലെ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച ശേഷം ആരംഭിച്ച രാഹുൽ ഗാന്ധിയുടെ ‘ന്യായ് യാത്ര’യുടെ ബംഗാൾ പര്യടനം ഇന്ന് അവസാനിച്ചു. രാഹുലിന്റെ യാത്ര നാളെ ബീഹാറിൽ വീണ്ടും പ്രവേശിക്കും.

ഇതിനിടെ രാഷ്ട്രീയമായി ഈ പ്രചരണ പരിപാടി കോൺഗ്രസിനു ഗുണം ചെയ്യില്ലെന്നു പാർട്ടിക്കുള്ളിൽ ശക്തമായ വീണ്ടു വിചാരം ഉയർന്നു. യാത്ര നടത്താൻ രാഹുൽ തീരുമാനിച്ച സമയം ശരിയല്ലെന്ന വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്. ഇന്ത്യ മുന്നണിയെ ശിഥിലമാക്കാൻ ബിജെപി ശ്രമിക്കുമ്പോൾ, അതിനെ പ്രതിരോധിക്കുകയാണ് പ്രധാനമെന്ന അഭിപ്രായമാണ് പലരും ഉയർത്തുന്നത്.

മുമ്പ് കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് നടത്തിയ 4000 കിലോമീറ്റർ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമാണ് ഈ പദയാത്ര  ആരംഭിച്ചത്. സംഘപരിവാർ കുരുതിക്കളമാക്കിയ മണിപ്പൂരിൽ നിന്ന് മുബൈയിലേക്കാണ് ഈ യാത്ര.  66 ദിവസം കൊണ്ട് ഇന്ത്യയുടെ ഹിന്ദി ഹൃദയ ഭൂമിയിലൂടെ 6700 കിലോമീറ്റർ സഞ്ചരിക്കുന്ന യാത്ര 110 ജില്ലകളും രാജ്യത്തെ 15 സംസ്ഥാനങ്ങളും കടന്ന് പോകും. മാർച്ചിൽ മുബൈയിൽ യാത്ര സമാപിക്കും.

രാജ്യത്തിന്റെ ഗതി നിർണ്ണയിക്കുന്ന ദേശീയ മുന്നേറ്റം ആയിരിക്കും ഈ യാത്രയെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. പക്ഷേ കഴിഞ്ഞ ഭാരത് ജോഡോ യാത്ര കൊണ്ട് എന്ത് നേടിയെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും. പല നേതാക്കളും ഈ യാത്രയ്ക്കിടയിൽ കൊഴിഞ്ഞ് പോയത്  നേതാക്കൾ വിസ്മരിക്കരുത്. മാത്രമല്ല രാഹുലിൻ്റെ ഒന്നാം ഭാരത് ജോഡോ  യാത്രയ്ക്ക് കോണ്‍ഗ്രസ് ചെലവഴിച്ചത് 71.8 കോടി രൂപയാണ്.

ജോഡോ യാത്രയ്ക്ക് ശേഷം നടന്ന വിവിധ സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഹിന്ദി ഭൂമിയിൽ യാതൊരു നേട്ടവും ഉണ്ടാക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലെന്നു മാത്രമല്ല കയ്യിലുണ്ടായിരുന്ന ഭരണം നഷ്ടപ്പെടുകയും ചെയ്തു. ആകെ കോൺഗ്രസിന് ആശ്വാസമായത് കർണ്ണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ ഭരണം തിരിച്ചുകിട്ടിയതാണ്. ഇത് രാഹുൽ ഗാന്ധിയുടെയോ ഭാരത് ജോഡോ യാത്രയുടെയോ നേട്ടമാണെന്ന് അവകാശപ്പെടാനാവില്ല. ഡി.കെ ശിവകുമാറിനെപ്പോലുള്ള പ്രാദേശിക കോൺഗ്രസ് നേതാക്കന്മാർ ഉണ്ടായിരുന്നതുകൊണ്ട് ഇവിടങ്ങളിൽ കോൺഗ്രസ് രക്ഷപ്പെട്ടുവെന്ന് മാത്രം.
ഹിന്ദി ഭൂമിയിൽ രാഹുലിന് പിടിച്ചു നിൽക്കാൻ കഴിയാഞ്ഞതു കൊണ്ടാണല്ലോ അദ്ദേഹത്തിന്  വയനാട്ടിലേയ്ക്ക് ഒളിച്ചോടേണ്ടി വന്നത്.

ഈ ഭാരത് ജോഡോ ന്യായ് യാത്രയെക്കാൾ എത്രയോ ഭേദമായിരുന്നു രാഹുൽ ഗാന്ധി സ്വന്തം തട്ടകമായ അമേഠിയിൽ നിന്നുകൊണ്ട് അവിടെ പ്രവർത്തിച്ച് മത്സരിച്ച് വിജയിച്ചു കാണിക്കുന്നത്. അതുവഴി കോൺഗ്രസിന് ഹിന്ദി ഭൂമിയിൽ ഒരു ഇളക്കം തന്നെ ഉണ്ടായേനെ. ഹിന്ദി ഭൂമിയിൽ ആൾക്കൂട്ടം വോട്ട് ആക്കി മാറ്റാനും വോട്ട് സീറ്റ്‌ ആക്കി മാറ്റാനും ഉള്ള സോഷ്യൽ എഞ്ചിനീയറിങ് ആണ് കോൺഗ്രസ്‌ പരിശീലിക്കേണ്ടത്. ഒരു കാലത്ത് കോൺഗ്രസിൻ്റെ കുത്തക സാമ്രാജ്യങ്ങളായിരുന്ന യു.പി യിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഒക്കെ കോൺഗ്രസ് ഇന്ന് നാമാവശേഷമായി എന്ന സത്യം നേതൃത്വം മനസിലാക്കണം.

മഹാത്മാഗാന്ധി നടന്നത് വെള്ളക്കാരിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാനാണ്. രാഹുൽ നടക്കുന്നത് ഇന്ത്യയെ വീണ്ടും മോദിയുടെ കാൽ കീഴിൽ അടിയറവു വയ്ക്കുന്നതിനാണോ എന്ന് സംശയിക്കുന്നവരാണ് ഏറെയും .
രാഹുലിൻ്റെ ഈ കോമാളി കളി തുടർന്നാൽ കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ 500 എം.പി മാരെ സൃഷ്ടിച്ചു കൊണ്ട് 2024 ലും അധികാരത്തിൽ വരുമെന്ന് ഉറപ്പാണ്. അങ്ങനെ സംഭവിച്ചാൽ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം പോലും ഉറപ്പിക്കാൻ പറ്റില്ല. ഇത് മോദിയുടെയോ ബി.ജെ.പി സർക്കാരിൻ്റെയോ മിടുക്ക് കൊണ്ടോ ഭരണ നേട്ടം കൊണ്ടോ അല്ല. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് പാർട്ടിയുടെ കോമാളി
കളി കൊണ്ട് മാത്രം.

ഇന്ന് ഭരണമാറ്റം ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ജനത ഇന്ത്യയിലുണ്ട്. കാരണം ഓരോ കുടുംബങ്ങളുടെയും ജീവിത നിലവാരം ദിനം പ്രതി തകരുകയാണ്. ഓരോ ദിവസവും നിത്യോപയോഗ സാധനങ്ങളുടെ വില കൂടി വരുന്നു. പെടോളിൻ്റെയും ഡീസലിൻ്റെയും പാചകവാതകങ്ങളുടെയും വില കൂടുന്നു. വിദ്ഗ്ദ്ധമായി പാവപെട്ടവനെ കൊള്ളയടിക്കുക, കോർപ്പറേറ്റുകളെ സഹായിക്കുക… ഇതൊക്കെ ചോദിക്കാൻ ഇവിടെ പ്രതിപക്ഷം ഉണ്ടോ..?

ഭാരത് ജോഡോ ന്യായ് യാത്ര കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മാത്രം നടത്താതെ ഇൻഡ്യാ മുന്നണിയിലെ എല്ലാ കക്ഷികളെയും നേതാക്കന്മാരെയും പങ്കെടുപ്പിച്ചു നടത്തണം. ശരിക്കും കേന്ദ്രഭരണത്തിനെതിരെ ഇപ്പോഴത്തെ ജനവികാരം മുതലക്കുകയാണ് വേണ്ടത്. അതിന് രാഹുൽ ഗാന്ധി ചെയ്യേണ്ടത് ഈ കോമാളി കളി നിർത്തുക, നല്ലൊരു പ്രതിപക്ഷ നേതാവ് ആകുക എന്നതാണ്. ഇനിയെങ്കിലും വിവേകപൂർവ്വം പ്രവർത്തിച്ചാൽ രാഹുൽ ഗാന്ധിയ്ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാം. അല്ലെങ്കിൽ വെറും കോമാളിയായി ചരിത്രത്തിൽ സ്ഥാനം പിടിക്കും എന്നോർക്കുക.

Back to top button
error: