IndiaNEWS

ലഡാക്കിൽ ചൈനീസ് സേനയ്‌ക്കെതിരെ  പ്രതിഷേധവുമായി ആട്ടിടയന്മാര്‍; ബിജെപിയുടെ വിജയമെന്ന് കോൺഗ്രസ്

ശ്രീനഗർ: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സേനയ്‌ക്കെതിരെ  ആട്ടിടയന്മാരുടെ പ്രതിഷേധം.

‘ഇത് ഇന്ത്യയുടെ സ്ഥലമാണ്’ എന്നു പറഞ്ഞ് സൈനികരുമായി ഇവര്‍ തര്‍ക്കിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സൈനികര്‍ക്കെതിരെ കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.പാംഗോങ് തടാകത്തിന്റെ വടക്കുള്ള അതിര്‍ത്തി മേഖലയിലാണു സംഭവം.

Signature-ad

 

2020 ല്‍ ഇന്ത്യന്‍ ഭാഗത്തേക്കു ചൈനീസ് സേന അതിക്രമിച്ചു കയറിയതു മുതല്‍ ഈ പ്രദേശത്ത് ഇന്ത്യക്കാർക്ക് വിലക്കുണ്ട്. ഇതു വകവയ്ക്കാതെ ആടിനെ മേയ്ക്കാൻ എത്തിയവരാണ് ഇവര്‍.

 

അതേസമയം മാതൃഭൂമി സംരക്ഷിക്കാന്‍ ആട്ടിടയന്മാര്‍ക്ക് രംഗത്തിറങ്ങേണ്ടി വരുന്ന കാഴ്ച ബിജെപി സർക്കാരിന്റെ മറ്റൊരു നേട്ടമാണെന്നും ഇത് പാർലമെന്റിൽ പറയാൻ രാഷ്‌ട്രപതിക്ക് ധൈര്യമുണ്ടോന്നും കോൺഗ്രസ് ചോദിച്ചു.

 

നേരത്തെ  മോദിസർക്കാറിന്‍റെ 10 വർഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറയാൻ പാർലമെന്‍റ് പ്രസംഗത്തില്‍ ശ്രമിച്ച രാഷ്‌ട്രപതിയോട് ‘മോദി ഗാരന്‍റി’യെക്കുറിച്ച്‌ മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു.

 

രണ്ടു കോടി തൊഴിലവസരങ്ങള്‍ ഓരോ വർഷവും ലഭ്യമാക്കുമെന്നായിരുന്നു നരേന്ദ്ര മോദി അധികാരത്തില്‍ വരാൻ നടത്തിയ ഒരു വാഗ്ദാനം. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ എത്തിക്കുമെന്ന പ്രലോഭനവും ഉണ്ടായി. കള്ളപ്പണം തടയുമെന്നു പറഞ്ഞു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനവും പാഴായി. ജനാധിപത്യ, ഭരണഘടനാ സംവിധാനങ്ങളുടെ അന്തസ്സ് കളയുന്ന പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

അയോധ്യയിലെ രാമക്ഷേത്രം സർക്കാറിന്റെ മികവിനുള്ള ഉദാഹരണമായി പരാമർശിച്ച രാഷ്ട്രപതിയുടെ പ്രസംഗം ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന്റെ നയ പ്രഖ്യാപനമാണോയെന്നും കോൺഗ്രസ് ചോദിച്ചു. ജനങ്ങളുടെ നൂറ്റാണ്ടുകളായുള്ള ആഗ്രഹം യാഥാർഥ്യമായിരിക്കുന്നു എന്നാണ് സർക്കാറിന്റെ നേട്ടങ്ങള്‍ പരാമർശിക്കുന്ന ഭാഗത്ത് രാഷ്ട്രപതി പറഞ്ഞത്. ബി.ജെ.പി ഭരണത്തിന് കീഴില്‍ രാജ്യം ഏതു രീതിയിലാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പരാമർശമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

Back to top button
error: