CrimeNEWS

ആള്‍ക്കൂട്ടത്തിനു മുന്നില്‍ കീഴുദ്യോഗസ്ഥനു മര്‍ദനം; വൈത്തിരി ഇന്‍സ്പെക്ടറെ സ്ഥലംമാറ്റി

വയനാട്: വൈത്തിരിയില്‍ ആള്‍ക്കൂട്ടത്തില്‍വച്ച് കീഴുദ്യോഗസ്ഥനെ മര്‍ദിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് സ്ഥലംമാറ്റം. വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസിനെയാണു തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്കു മാറ്റിയത്. ജനുവരി 19ന് ബോബി കീഴുദ്യോഗസ്ഥനെ തല്ലിയതു വിവാദമായിരുന്നു.

ഭരണപരമായ സൗകര്യവും പൊതുജന താല്‍പര്യവും മുന്‍നിര്‍ത്തി എന്ന് സൂചിപ്പിച്ച് പുറത്തിറക്കിയ ഉത്തരവിലാണു സ്ഥലംമാറ്റം. വൈത്തിരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ റഫീഖിനെയാണു പൊതുജനമധ്യത്തില്‍ അവഹേളിച്ചതും മര്‍ദിച്ചതും. ഒരാള്‍ പെണ്‍കുട്ടിയോടു മോശമായി പെരുമാറിയെന്ന വിവരം കിട്ടി സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. ആള്‍ക്കൂട്ടവുമായി ഏറെനേരം തര്‍ക്കമുണ്ടായിട്ടും, യൂണിഫോമില്‍ അല്ലാതിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ജീപ്പില്‍നിന്ന് ഇറങ്ങാത്തത് ഇന്‍സ്‌പെക്ടറെ ക്ഷുഭിതനാക്കി.

Signature-ad

പൊലീസുകാരനോടു വാഹനത്തില്‍നിന്ന് ഇറങ്ങിപ്പോവാന്‍ പറയുന്നതിനിടെ ഇന്‍സ്പെക്ടര്‍ കയ്യില്‍ തല്ലുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്‍സ്‌പെക്ടറുടെ ഭാഗത്തു വീഴ്ചയുണ്ടായതായി രഹസ്യാന്വേഷണ വിഭാഗം ജില്ലാ പൊലീസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കി.

 

Back to top button
error: