മലപ്പുറം: ശരീരത്തില്‍ സ്വര്‍ണമൊളിപ്പിച്ച് എയര്‍പ്പോര്‍ട്ടിലെ അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെ മറികടന്ന് എത്തിയ യാത്രക്കാരിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസ് അറസ്റ്റുചെയ്തു. കുന്നമംഗലം സ്വദേശിനിയായ ഷമീറ(45) ആണ് പിടിയിലായത്. 1.34 കിലോ ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഷമീറയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ എത്തിയ കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളായ കുന്നമംഗലം സ്വദേശികളായ റിഷാദ് (38), ജംഷീര്‍ (35) എന്നിവരെയും പിടികൂടിയിട്ടുണ്ട്.
അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യയുടെ വിമാനത്തിലാണ് ഷമീറ എത്തിയത്. സ്വര്‍ണം വാങ്ങാന്‍ എയര്‍പ്പോര്‍ട്ടിന് പുറത്ത് കാത്തുനിന്ന റിഷാദിനെയും ജംഷീറിനെയുമാണ് ആദ്യം പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് ഷമീറയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ ദേഹപരിശോധനയില്‍ വസ്ത്രത്തില്‍ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയില്‍ സ്വര്‍ണമടങ്ങിയ മൂന്നുപാക്കറ്റുകള്‍ കണ്ടെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ എണ്‍പത് ലക്ഷത്തിലധികം രൂപ വിലവരും എന്നാണ് പൊലീസ് പറയുന്നത്.
നയതന്ത്ര സ്വര്‍ണക്കടത്ത് പിടികൂടിയശേഷം സംസ്ഥാനത്തേക്കുള്ള സ്വര്‍ണക്കടത്തില്‍ കുറവുണ്ടായിരുന്നെങ്കിലും അടുത്തിടെ വന്‍തോതില്‍ കൂടിയിട്ടുണ്ട്. നേരത്തേ മലദ്വാരത്തിലും മറ്റും ഒളിപ്പിച്ചായിരുന്നു കടത്ത്. എന്നാലിപ്പോള്‍ എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ അതിവിദഗ്ദ്ധമായാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിക്കുന്നത്. വിമാനത്താവളത്തിന് പുറത്തിറങ്ങുന്ന ഇവരെ പൊലീസാണ് പിടികൂടുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടുന്ന എട്ടാമത്തെ സ്വര്‍ണക്കടത്താണ് ഷമീറയുടേത്.