കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ കോട്ടയം സീറ്റിനായി വടംവലി ശക്തമായിരിക്കെ മണ്ഡലത്തില്‍ സജീവമായി ഫ്രാന്‍സിസ് ജോര്‍ജ്. കേരളാ കോണ്‍ഗ്രസിന്റെ പ്രഥമ പരിഗണനയിലുള്ള ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിനും അനുകൂല നിലപാടാണ്. പാര്‍ട്ടിയും മുന്നണിയും ചേര്‍ന്നാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടതെന്നും അവകാശവാദം ഉന്നയിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
കോട്ടയം ലോക്‌സഭ സീറ്റില്‍ അടിയൊഴുക്കുകള്‍ ഉണ്ടായില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയായി ഫ്രാന്‍സിസ് ജോര്‍ജ് എത്താനാണ് സാധ്യത. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചതായായാണ് വിവരം. നേരത്തെ കേരളാ കോണ്‍ഗ്രസ് നടത്തിയ കര്‍ഷക മാര്‍ച്ചില്‍ സജീവമായി പങ്കെടുത്ത ഫ്രാന്‍സിസ് ജോര്‍ജ് ഇതര സംഘടനയുടെ പരിപാടികളിലും സ്വകാര്യ സന്ദര്‍ശനങ്ങളിലും പങ്കെടുക്കുന്നുണ്ട്.
സഭാ നേതൃത്വവുമായി നല്ല ബന്ധം പുലര്‍ത്തുന്നതും കര്‍ഷക വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്നതും ഫ്രാന്‍സിസ് ജോര്‍ജിന് അനുകൂല ഘടകമാണ്. ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനാര്‍ഥിയായാല്‍ എല്‍.ഡി.എഫിന് കടുത്ത വെല്ലുവിളിയാകും. ജില്ലയില്‍ ആകെ ശക്തമായ സംഘടന ബന്ധം പുലര്‍ത്തുന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ ക്ലീന്‍ ഇമേജും കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ക്യാമ്പില്‍ ആശങ്ക പരത്തുന്നുണ്ട്.