KeralaNEWS

മക്കൾ ഉപേക്ഷിച്ച് കുമളിയിലെ അന്നക്കുട്ടി മരിച്ച സംഭവം: മകള്‍ക്ക് പിന്നാലെ മകൻ സജിക്കും പണി പോയി

    ഇടുക്കിയിലെ കുമളിയില്‍ മക്കള്‍  ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലാക്കിയ വയോധിക മരിച്ച സംഭവത്തില്‍ മകനെതിരെ നടപടിയുമായി കേരള ബാങ്ക്. കേരള ബാങ്കിന്റെ കുമളി ശാഖയിലെ കളക്ഷന്‍ ഏജന്റായ എം എം സജി മോനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

മകൻ എന്ന ഉത്തരവാദിത്വത്തില്‍ സജിമോന്‍ വീഴ്ച വരുത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുമളി പൊലീസ് കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേരള ബാങ്ക് പ്രസിഡന്റ് അറിയിച്ചു. സംഭവത്തില്‍ മകള്‍ സിജിമോളെ കുമളി പഞ്ചായത്തിലെ താത്ക്കാലിക ജോലിയില്‍ നിന്നും നേരത്തെ പിരിച്ചുവിട്ടിരുന്നു.

Signature-ad

കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളിനിയില്‍ താമസിച്ചുവന്ന അന്നക്കുട്ടി മാത്യു 20-ാം തീയതിയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി അന്നക്കുട്ടിയുടെ രണ്ട് മക്കള്‍ക്കെതിരെയും പോലീസ് നേരത്തെ കേസെടുത്തിരുന്നു. അന്നക്കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാര ചടങ്ങ് നടത്താന്‍ പോലും മക്കള്‍ തയ്യാറായില്ല. ഒടുവില്‍ ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്നാണ് സംസ്‌കാരം നടത്തിയത്. ജനപ്രതിനിധികള്‍ അടക്കം വന്‍ജനാവലി സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കുമളി പഞ്ചായത്തംഗം ജയമോള്‍ മനോജിന്റെ മൊഴിയെടുപ്പിനെ തുടര്‍ന്നാണ് കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ മകന്‍ സജിമോനും പഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരിയായ മകള്‍ സിജിക്കുമെതിരെ കുമളി പൊലീസ് കേസെടുത്തത്.

Back to top button
error: