KeralaNEWS

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡും ലോകോത്തര നിലവാരത്തിലേക്ക്

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്  ലോകോത്തര മാതൃകയിൽ നവീകരിക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നു. പ്രാഥമികമായ ഡി.പി.ആർ തയ്യാറാക്കി ഫെബ്രുവരി 24ന് ബസ് സ്റ്റാൻഡിന്റെ  തറക്കല്ലിടും.
വൈറ്റില മോഡലിൽ മൊബിലിറ്റി ഹബ്ബായാണ് നിർമ്മാണം. ആദ്യഘട്ടത്തിൽ 12 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർദ്ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നൽകും. ഫുട്പാത്ത് ഭൂമി കെഎസ്ആർടിസി വിട്ടു നൽകും. കാരിക്കാമുറിയിലെ ഭൂമിയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്വകാര്യ ബസുകൾക്കും കയറാൻ കഴിയുന്ന മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള കെട്ടിടം നിർമിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവ ഈ കെട്ടിടത്തിലുണ്ടാകും. ഇതോടെ കൊച്ചി നഗരത്തിന് കെഎസ്ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും രണ്ട് ഹബ്ബുകൾ സ്വന്തമാകും. സൗത്ത് റെയിൽവേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമുൾപ്പെടെയുള്ള സൗകര്യങ്ങൾ ചേർന്നുകിടക്കുന്ന കരിക്കാമുറിയിൽ പുതിയ മൊബിലിറ്റി ഹബ്ബ് വരുന്നതോടെ വലിയ രീതിയിലുള്ള കണക്റ്റിവിറ്റിയാണ് സൃഷ്ടിക്കപ്പെടാൻ പോകുന്നത്. ഇത് യാത്രക്കാർക്കൊപ്പം സംരംഭകർക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രയോജനകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Back to top button
error: