ഇന്ത്യ കണ്ട ഏറ്റവും ആസൂത്രിതവും ദൈര്‍ഘ്യമേറിയതുമായ കലാപമാണ് മണിപ്പൂരിലേതെന്നാണ് പുറത്തുവരുന്ന സൂചനകൾ.
കലാപത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട രണ്ടു പെണ്‍കുട്ടികള്‍ പോലീസില്‍ അഭയം തേടിയിട്ടുപോലും ജനക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്നും അവരെ ഇറക്കിക്കൊണ്ടുപോയി ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പോലീസിന്‍റെ ആയുധപ്പുരകള്‍ ആക്രമിക്കപ്പെട്ടിട്ടും സർക്കാർ നിഷ്ക്രിയമായിരുന്നു.
കാശ്മീര്‍ കഴിഞ്ഞാല്‍ ഇന്ത്യ കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ കലാപങ്ങളാണ് മണിപ്പൂരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതില്‍ സര്‍ക്കാരുകളുടെ മൗനമാണ് ഏറ്റവും ഭയപ്പെടുത്തുന്നത്. സര്‍ക്കാര്‍ വിചാരിച്ചാല്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് അവസാനിപ്പിക്കാമായിരുന്ന ഒരു കലാപമാണ് മാസങ്ങള്‍ക്കുശേഷവും തുടരുന്നത്. പലപ്പോഴും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഏകപക്ഷീയമായ നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതും.
ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് മണിപ്പൂര്‍. ഏകദേശ ജനസംഖ്യ 34 ലക്ഷം. ഹിന്ദു വിഭാഗത്തില്‍പ്പെട്ട മെയ്‌തേയ്കളാണ് പ്രബലര്‍. അവര്‍ മൊത്തം ജനസംഖ്യയുടെ 53 ശതമാനം വരുന്നു. സംസ്ഥാന വിസ്തൃതിയുടെ 10 ശതമാനം ഉള്‍ക്കൊള്ളുന്നതും മണിപ്പൂരിന്റെ തലസ്ഥാനവുമായ ഇംഫാലിലെ താഴ്‌വരകളിലാണ് മെയ്‌തേയ്കള്‍ വസിക്കുന്നത്. കുക്കികളും നാഗകളും പ്രധാനമായും ക്രിസ്ത്യന്‍ മതവിശ്വാസികളാണ്.
മണിപ്പൂർ സംഘർഷത്തിൽ ജൂലായ് നാല് മുതൽ ഇതുവരെ കൊല്ലപ്പെട്ടത് 142 പേരാണ്.ഏകദേശം 50000 ത്തോളം പേർക്ക് വീടുകൾ ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നു.മെയ്‌തേയ് ഭൂരിപക്ഷമായ സംസ്ഥാന ഭരണകൂടവും ഈ കൂട്ടക്കൊലയില്‍ സംശയത്തിന്റെ നിഴലിലായി. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്‍ ഇപ്പോള്‍ ആരും തന്നെ വിശ്വസിക്കുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനവും ഫലം കണ്ടിട്ടില്ല. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുക എന്നുള്ളതാണ്.അതിനും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ അനുമതി നൽകുന്നില്ല എന്നതാണ് വാസ്തവം.