‘മൂക്കാതെ പഴുത്ത നേതാവ്‘- ഡീൻ കുര്യാക്കോസിനെതിരെ ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യു; എംപിയെക്കൊണ്ട് ഡിസിസിക്ക് പ്രത്യേക ഗുണമൊന്നുമില്ലെന്നും പരമർശം

കോട്ടയം: ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി ഡിസിസി അധ്യക്ഷൻ സി.പി. മാത്യു. “മൂക്കാതെ പഴുത്ത നേതാവാണ് ഡീൻ കുര്യാക്കോസ്. എംപിയെക്കൊണ്ട് ഡിസിസിക്ക് പ്രത്യേക ഗുണമൊന്നുമില്ല. എംപി അദ്ദേഹത്തിന്റെ പണി നോക്കിയാൽ മതി” എന്നായിരുന്നു സി.പി. മാത്യുവിന്റെ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കോൺഗ്രസ് ഉൾപ്പോരിനിടെയാണ് പുതിയ വിവാദം. വി.ഡി. സതീശനെ അനുകൂലിച്ച് പ്രവർത്തകർ നടത്തിയ പ്രകടനങ്ങൾക്കെതിരെ പാർട്ടി നേതൃത്വം നടപടി സ്വീകരിച്ചതിന് പിന്നാലെ ഡീൻ കുര്യാക്കോസ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാർട്ടി പ്രവർത്തകരെ ശിക്ഷിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് സി.പി. മാത്യുവിന്റെ വിമർശനം.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി സ്ഥലങ്ങളിൽ പ്രകടനങ്ങളും പോസ്റ്റർ പ്രചാരണങ്ങളും നടന്നു. തുടർന്ന് പരസ്യ പ്രതിഷേധങ്ങൾക്കെതിരെ കെപിസിസി നേതൃത്വം കർശന നിർദ്ദേശം നൽകിയിരുന്നു.
ഇതിനിടെയാണ് ഇടുക്കി ജില്ലയിലെ നേതാക്കൾ തമ്മിലുള്ള ഭിന്നത തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത്. ഡീൻ കുര്യാക്കോസിന്റെ പ്രതികരണങ്ങൾ പാർട്ടി അച്ചടക്ക ലംഘനമാണെന്ന വിലയിരുത്തലും കോൺഗ്രസിനുള്ളിൽ ശക്തമാണ്. അതേസമയം, പ്രവർത്തകരുടെ വികാരം നേതൃത്വം മനസിലാക്കണമെന്നും അവരെ അടിച്ചമർത്തുന്ന സമീപനം ശരിയല്ലെന്നും ഡീൻ അനുകൂലികൾ പറയുന്നു.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ ചർച്ചകൾ പൊതുവേദികളിലേക്ക് നീണ്ടത് പാർട്ടിക്ക് തിരിച്ചടിയായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ തർക്കങ്ങൾക്ക് താത്കാലിക വിരാമമായെങ്കിലും, വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ ഇപ്പോഴും പൂർണമായി അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് പുതിയ പരസ്യ വിമർശനങ്ങൾ നൽകുന്നത്.






