CrimeNEWS

സോറി ഇന്ന് ലേശം തിരക്കാണ്, മറ്റൊരിക്കലാവാം! ‘ജീവന്‍രക്ഷാ’ േകസില്‍ ചോദ്യം ചെയ്യലിന് എത്താന്‍ സാധിക്കില്ലെന്ന് ‘മുഖ്യ’ഗണ്‍മാന്‍

ആലപ്പുഴ: നവകേരള സദസിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിച്ചതച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും ചോദ്യം ചെയ്യലിനായി ഹാജരാകില്ല. ഇന്ന് അവധിയിലായതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും ജോലിത്തിരക്കില്ലാത്ത ദിവസം ഹാജരാകാമെന്നും ഗണ്‍മാന്‍ അനിലും സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപും ആലപ്പുഴയിലെ സൗത്ത് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.

കെഎസ്യു ജില്ലാ പ്രസിഡന്റ് എഡി തോമസിനെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജ്യുവല്‍ കുര്യാക്കോസിനെയും തല്ലിച്ചതച്ച കേസിലാണ് ഇരുവര്‍ക്കുമെതിരെ പരാതി ഉയര്‍ന്നത്. വിശദമായ ചോദ്യം ചെയ്യലിന് അനിലും സന്ദീപും ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നായിരുന്നു മുന്‍പ് ലഭിച്ച വിവരം. അനിലും സന്ദീപുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതി നിര്‍ദേശാനുസരണം സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു.

Signature-ad

കഴിഞ്ഞ മാസം 16ന് ആലപ്പുഴയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോള്‍ ജനറല്‍ ആശുപത്രി ജംഗ്ഷനിലായിരുന്നു സംഭവം. ലാത്തിയടിയില്‍ തോമസിന്റെ തല പൊട്ടുകയും അജയ് ജ്യുവലിന്റെ കൈ ഒടിയുകയും ചെയ്തിരുന്നു. സൗത്ത് പൊലീസില്‍ ഇരുവരും പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. തുടര്‍ന്ന് കോടതി മുഖാന്തരം ഫയല്‍ ചെയ്ത കേസിലാണ് സംഭവത്തിന്റെ വീഡിയോ തെളിവുകളും പരിക്കുകളുടെ സ്വഭാവവും ചികിത്സാ രേഖകളും പരിശോധിച്ച കോടതി ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. കോടതി ഉത്തരവനുസരിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാക്ഷികളെ വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്‌തെങ്കിലും പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.

ഇവര്‍ക്കെതിരെ ഐപിസി 294 ബി, 326,324 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാത്ത നടപടിക്കെതിരെ തോമസും അജയ് ജ്യുവലും വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ പൊലീസ് കൂട്ടാക്കിയത്.

 

Back to top button
error: