KeralaNEWS

പിതാവിന്റെ പേരില്‍ നിര്‍മിച്ച വീട്ടില്‍ താമസിക്കാന്‍ തൈമൂര്‍; പാക് പൗരന്‍ കേരളത്തിന്റെ മരുമകന്‍

കോട്ടയം: പിതാവിന്റെ പേരില്‍ നിര്‍മിച്ച വീട്ടില്‍ താമസിക്കാന്‍ പാകിസ്താനി പൗരന്‍ തൈമൂര്‍ താരിഖ് അടുത്തദിവസം കേരളത്തിലെത്തും. തന്റെ ഭാര്യയുടെ സ്വദേശമായ പുതുപ്പള്ളിയിലാണ് ഈ പാക് സ്വദേശി വീട് വെച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഇദ്ദേഹം കേരളത്തിലേക്ക് വരുന്നത്.

ഷാര്‍ജയില്‍ വ്യവസായിയായ തൈമൂര്‍ താരിഖ് കഴിഞ്ഞ ഓണക്കാലത്താണ് ആദ്യമായി കേരളത്തിലെത്തിയത്. ഓണം കൂടാനും ഭാര്യ ശ്രീജയുടെ വീടിനടുത്ത് പിതാവ് താരിഖിന്റെ പേരില്‍ നിര്‍മിച്ച വീട്ടില്‍ താമസിക്കാനുമായിരുന്നു യാത്ര.

Signature-ad

പക്ഷെ, അന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വില്ലനായി. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പുതുപ്പള്ളിയിലേക്ക് യാത്ര ചെയ്യാന്‍ അധികൃതര്‍ ഇദ്ദേഹത്തിന് അനുമതി നല്‍കിയില്ല. ഒടുവില്‍ തൃശൂരിലെ കൊടുങ്ങല്ലൂരില്‍ താമസിച്ച് കേരളം ആസ്വദിച്ച് മടങ്ങി.

നീണ്ട വിസ നടപടി പൂര്‍ത്തിയാക്കി ഈമാസം 29ന് തൈമൂര്‍ കേരളത്തിലേക്ക് വീണ്ടും യാത്രതിരിക്കും. താരിഖ് മന്‍സിലില്‍ കുടുംബത്തോടൊപ്പം താമസിക്കും.

ടിക് ടോക്ക് അടക്കം സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് പാകിസ്താനിയായ തൈമൂര്‍ താരിഖും ഭാര്യ ശ്രീജ ഗോപാലും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2018 ലാണ് ഈ പാക് – മലയാളി ജോഡികള്‍ വിവാഹിതരായത്. ആദ്യമായി വീട്ടിലെത്തുന്ന പാകിസ്താനി മരുമകനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് പുതുപ്പള്ളിയിലെ ബന്ധുക്കള്‍.

 

Back to top button
error: