ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ഇടഞ്ഞുനില്‍ക്കുന്ന മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുരഞ്ജനസംഭാഷണം നടത്തി. വ്യാഴാഴ്ച ഫോണിലാണ് സംസാരിച്ചത്.
‘ഇന്ത്യ’ സഖ്യവുമായി ഇനി ബന്ധമില്ലെന്നും ബംഗാളില്‍ തനിച്ചു മത്സരിക്കുമെന്നും തുറന്നടിച്ച മമതയെ സമാശ്വസിപ്പിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ കുറച്ചു നേരമെങ്കിലും മമത പങ്കെടുത്താല്‍ അത് വലിയ സന്തോഷമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഖ്യത്തില്‍ വിള്ളലുണ്ടാവാതിരിക്കാന്‍ രാഹുലും ഇടപെടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
സീറ്റ് ധാരണയുമായി ബന്ധപ്പെട്ട് തൃണമൂലുമായി ചര്‍ച്ചതുടരുകയാണെന്നും മമതയുമായി നല്ലബന്ധമാണെന്നും കഴിഞ്ഞദിവസം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത് മമതയെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ പി.സി.സി. അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി ചര്‍ച്ചയ്ക്ക് ഇടങ്കോലിടുന്നതും മമതയ്ക്ക് പ്രശ്‌നമായി. ‘ഇന്ത്യ’ സഖ്യത്തിന് പ്രധാന തടസ്സം ബി.ജെ.പിയും അധീറുമാണെന്ന് തൃണമൂല്‍ രാജ്യസഭാ എം.പി. ഡെറിക് ഒബ്രയാന്‍ ആരോപിച്ചു.
ബംഗാളില്‍ സഖ്യത്തിന് തയ്യാറായാല്‍ത്തന്നെ രണ്ടു സിറ്റിങ്സീറ്റുമാത്രമേ വിട്ടുനല്‍കൂ എന്നാണ് തൃണമൂലിന്റെ നിലപാട്. മൂന്നുസീറ്റ് വേണമെങ്കില്‍ തരാമെന്നും പക്ഷേ അസമിലും മേഘാലയയിലും അതിന് പകരം മൂന്നുസീറ്റു വേണമെന്നുമാണ് ആവശ്യം. അസമില്‍ കോണ്‍ഗ്രസില്‍നിന്ന് ചേക്കേറിയ റിപുന്‍ ബോറയ്ക്കും സുസ്മിതാ ദേവിനും സീറ്റ് നല്‍കുകയാണ് മമതയുടെ ലക്ഷ്യം. രണ്ടു സീറ്റുള്ള മേഘാലയയില്‍ കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് സീറ്റിനാണ് മമത ആവശ്യപ്പെടുന്നത്.
ഇവിടെ മുകുള്‍ സങ്മ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിവിട്ട് തൃണമൂലില്‍ ചേര്‍ന്നിരുന്നു. ആദ്യഘട്ടത്തില്‍ തൃണമൂലില്‍നിന്ന് എട്ടുസീറ്റെങ്കിലും നേടി സി.പി.എമ്മുമായി അടവുനയമുണ്ടാക്കുകയെന്ന ഉദ്ദേശ്യവും കോണ്‍ഗ്രസിന് ബംഗാളിലുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ തൃണമൂലുമായി ഒരു സഖ്യത്തിനും സി.പി.എം. തയ്യാറല്ലെന്ന് പാര്‍ട്ടിനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങിനെയൊരു സഖ്യം രൂപപ്പെട്ടാല്‍ത്തന്നെ മമതയോടുള്ള ഭരണവിരുദ്ധ വികാരം ബി.ജെ.പി.ക്കനുകൂലമാവുമെന്നാണ് സി.പി.എം. വിലയിരുത്തല്‍.