മുഖ്യമന്ത്രി ചര്‍ച്ച വഴിമുട്ടിയത് ഘടക കക്ഷികളുടെ സമ്മര്‍ദം കാരണം; ജനാധിപത്യത്തിന് ചേര്‍ന്നതല്ല; നേതാവിനെ തെരഞ്ഞെടുക്കേണ്ടത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യം; വിമര്‍ശിച്ച് സുകുമാരന്‍ നായര്‍

യുഡിഎഫ് ഘടകകക്ഷികള്‍ക്കെതിരെ എന്‍എസ്എസ്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ തീരുമാനം വഴിമുട്ടിയത് ഘടകകക്ഷികളുടെ സമ്മര്‍ദം കാരണമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി ചര്‍ച്ച കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്നും ഇടപെട്ട എല്ലാ ഘടകകക്ഷികളും പ്രശ്നം വഷളാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഭരണസ്തംഭനമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാൻഡ് മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളോട് അഭിപ്രായം ചോദിക്കുന്നതിന് മുൻപേതന്നെ അവർ സമ്മർദം ചെലുത്തിയിരുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഘടകകക്ഷികളുടെ അഭിപ്രായം തേടിയതെന്നും സുകുമാരന്‍ നായര്‍ ചൂണ്ടാക്കാട്ടി. ഘടകകക്ഷികളുടെ സമ്മർദത്തിന് ഇതുവരെ ഹൈക്കമാൻഡ് വഴങ്ങി എന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് ഘടകക്ഷികളുടെ ഇടപെടൽ ജനാധിപത്യത്തിന് ചേർന്നതായിരുന്നില്ലെന്ന് സുകുമാരൻ നായര്‍ പറഞ്ഞു. മുസ്ലിം ലീഗ് അടക്കമുള്ളവരെയാണ് താൻ പറയുന്നതെന്നും അവർക്ക് ഇത് പറയാൻ എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയായി ആരു വന്നാലും സ്വീകരിക്കേണ്ടേയെന്നും, അതാണ് ജനാധിപത്യമെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം ഇന്നുമുണ്ടായില്ല. ഇന്ന് വൈകിട്ടോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കളും പ്രവർത്തകരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷവും തീരുമാനം പ്രഖ്യാപിച്ചില്ല.
#NSS, #GSukumaranNair, #UDF, #KeralaPolitics, #CongressHighCommand, #KeralaCM, #MuslimLeague, #IUML, #MallikarjunKharge, #RahulGandhi, #KeralaAssemblyElection2026, #PoliticalCrisis, #UDFAlliance, #KeralaNews, #BreakingNewsMalayalam






