KeralaNEWS

മനുഷ്യച്ചങ്ങല പൊളിക്കാന്‍ പാര്‍ട്ടിക്കാര്‍ തന്നെ ശ്രമിച്ചു; ആലപ്പുഴയില്‍ പുതിയ വിവാദം, പരാതി

ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളോടുള്ള പ്രതിഷേധമായി ഡിവൈഎഫ്‌ഐ സൃഷ്ടിച്ച മനുഷ്യച്ചങ്ങല പൊളിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ശ്രമം നടന്നതായി പരാതി. പരിപാടി പൊളിക്കാന്‍ ആലപ്പുഴയില്‍ സിപിഎം ശക്തികേന്ദ്രത്തില്‍ നേതാക്കള്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി ആലപ്പുഴ ഏരിയയിലെ നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പരാതി നല്‍കി.

പാര്‍ട്ടി ശക്തികേന്ദ്രമായ കൊമ്മാടിയില്‍ 150 മീറ്ററില്‍ മനുഷ്യച്ചങ്ങലയ്ക്ക് ആളില്ലായിരുന്നു. നോട്ടിസ് വിതരണം ചെയ്യാത്തത് ചോദ്യം ചെയ്ത പാര്‍ട്ടി അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മര്‍ദിച്ചതായും ആരോപണമുണ്ട്. തുമ്പോളിയില്‍ ഒരു ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും പരിപാടി ബഹിഷ്‌കരിച്ചതായി പരാതിയില്‍ പറയുന്നു. ഇവിടെനിന്ന് മൂന്നു പേര്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ പ്രവര്‍ത്തനം പരാജയമാണെന്നു വരുത്തിത്തീര്‍ക്കുന്നതിനാണ് പരിപാടി പൊളിക്കാന്‍ ശ്രമിച്ചതെന്നു പരാതിയില്‍ സൂചനയുണ്ട്.

Signature-ad

വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്ന് ആലപ്പുഴ സൗത്ത് – നോര്‍ത്ത് ഏരിയ കമ്മിറ്റികള്‍ ലയിപ്പിച്ചിരുന്നു. സെക്രട്ടറിയുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗമായ സി.ബി. ചന്ദ്രബാബുവിനു നല്‍കിയിരുന്നു.

റെയില്‍വേ അവഗണന, നിയമന നിരോധനം, സാമ്പത്തിക ഉപരോധം എന്നിവയ്‌ക്കെതിരെ, ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യവുമായാണു ഡിവൈഎഫ്‌ഐ കേരളത്തിലുടനീളം മനുഷ്യച്ചങ്ങല തീര്‍ത്തത്.

Back to top button
error: