CrimeNEWS

വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; ഭക്ഷണത്തില്‍ ലഹരി കലര്‍ത്തിയത് ‘നേപ്പാളിപ്പെണ്ണ്’

തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പിന്നില്‍ അഞ്ചംഗ സംഘമാണെന്നാണ് കണ്ടെത്തല്‍. സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

ഹരിഹരപുരം എല്‍.പി. സ്‌കൂളിന് സമീപത്തെ വീട്ടില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. 74-കാരിയായ ശ്രീദേവിയമ്മയും മരുമകള്‍ ദീപയും ഹോം നഴ്സായ സിന്ധുവുമായിരുന്നു വീട്ടില്‍ താമസം. ഇവരെ മൂന്നുപേരേയും മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും അപഹരിച്ചു. 15 ദിവസമായി ഇവിടെ ജോലിക്കുവരുന്ന നേപ്പാള്‍ സ്വദേശിയായ യുവതിയുടെ നേതൃത്വത്തിലായിരുന്നു മോഷണം.

Signature-ad

ചൊവ്വാഴ്ച രാത്രി വീട്ടുടമയായ ശ്രീദേവിയമ്മമ്മയുടെ മകന്‍ ഭാര്യ ദീപയെ നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍, മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് അയല്‍വീട്ടില്‍ വിളിച്ച് കാര്യമറിയിക്കുകയായിരുന്നു. അടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധു എത്തിയപ്പോള്‍ വീട്ടില്‍നിന്ന് നാലുപേര്‍ ഇറങ്ങി ഓടുന്നതാണ് കണ്ടത്.

ബഹളം വെച്ച് നാട്ടുകാരെ കൂട്ടി വീട് തുറന്നു നോക്കിയപ്പോള്‍ ശ്രീദേവിയമ്മയേയും ദീപയേയും സിന്ധുവിനേയും ബോധരഹിതരായ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയി, വീടിനോട് ചേര്‍ന്നുള്ള കമ്പിവേലിയില്‍ കുരുങ്ങി ഒരാള്‍ കിടക്കുന്നത് കണ്ടു. ഇയാളെ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളില്‍ ഒരാളാണെന്ന് മനസിലായത്. ഇയാളുടെ ബാഗില്‍ സ്വര്‍ണ്ണവും പണവുമുണ്ടായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒളിച്ചിരുന്ന മറ്റൊരാളെക്കൂടെ കണ്ടെത്തുകയായിരുന്നു. പിടികൂടിയ രണ്ടുപേരേയും അയിരൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു. വീട്ടു ജോലിക്ക് നിന്ന് യുവതിയടക്കം മൂന്ന് പേരെ ഇനി കണ്ടെത്തേണ്ടതുണ്ട്. നാലംഗ സംഘം കറങ്ങി നടക്കുന്ന സി.സി.ടി.വി. ദൃശ്യം ലഭിച്ചിട്ടുണ്ട്.

ആസൂത്രിതമായ മോഷണമാണെന്നാണ് പോലീസ് നിഗമനം. മോഷണം ലക്ഷ്യമിട്ടാണ് യുവതി വീട്ടുജോലി സമ്പാദിച്ചതെന്നാണ് അനുമാനം. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിനിരയായ മൂന്നുപേരേയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

 

Back to top button
error: