IndiaNEWS

ഗവര്‍ണറുമായി നിതീഷിന്റെ ചര്‍ച്ച; ബിഹാറില്‍ വീണ്ടും ഭരണമാറ്റം?

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി നടത്തിയ കൂടിക്കാഴ്ചയെ ചൊല്ലി രാഷ്ട്രീയ കിംവദന്തികള്‍ പരന്നു. നിതീഷ് കുമാര്‍ വീണ്ടുമൊരു മലക്കംമറിച്ചിലിലൂടെ എന്‍ഡിഎയില്‍ എത്തുമെന്ന സൂചനയുമായി ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചിയുടെ ‘എക്‌സ്’ പോസ്റ്റ് അഭ്യൂഹങ്ങള്‍ കൊഴുപ്പിച്ചു.

രാജ്ഭവനിലെ കൂടിക്കാഴ്ചയ്ക്കു നിതീഷിനൊപ്പം ജെഡിയു മന്ത്രി വിജയ് കുമാര്‍ ചൗധരിയാണുണ്ടായിരുന്നത്. ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ഒഴിവാക്കി പാര്‍ട്ടിയിലെ വിശ്വസ്തനുമൊത്തു ഗവര്‍ണറെ കണ്ടത് ആര്‍ജെഡിയുമായുള്ള ഭിന്നത കാരണമാണെന്നു വാര്‍ത്തകള്‍ പ്രചരിച്ചു. ലോക്‌സഭാ സീറ്റു വിഭജന വിഷയത്തില്‍ നിതീഷ് ആര്‍ജെഡി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ്.

Signature-ad

എന്‍ഡിഎയിലേക്കു തിരിച്ചെത്താന്‍ നിതീഷ് കുമാറിനു താല്‍പര്യമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നു കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശത്തിന്റെ പിന്നാലെയാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടന്നത്.

അതേസമയം, കൂടിക്കാഴ്ച തികച്ചും ഔപചാരികമായിരുന്നുവെന്ന വിശദീകരണമാണ് ജെഡിയു നല്‍കുന്നത്. ബജറ്റ് സമ്മേളനത്തിനു മുന്‍പുള്ള പതിവു കൂടിക്കാഴ്ചയാണെന്നും സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമാണെന്നും അഭ്യൂഹങ്ങളുണ്ട്.

 

Back to top button
error: