കൊച്ചി: മാലദ്വീപിലേക്കു പോകുന്ന ചൈനീസ് ഗവേഷണ കപ്പല്‍ സിയാങ് യാങ് ഹോങ് 03 നെ നിരീക്ഷിച്ച് ഇന്ത്യന്‍ നാവികസേന. കപ്പലിന്റെ സാന്നിധ്യത്തെക്കുറിച്ച് നാവികസേന ബോധവാന്മാരാണെന്നും കപ്പലിന്റെ ചലനം നിരീക്ഷിച്ചു വരികയാണെന്നും പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എക്സ്ക്ലൂസീവ് ഇക്കണോമിക് സോണില്‍ യാതൊരു തരത്തിലുമുള്ള പര്യവേഷണവും കപ്പല്‍ നടത്തുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.
കപ്പല്‍ വൈകാതെ മാലദ്വീപിലെത്തും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് കപ്പലുകളുടെ സാന്നിധ്യത്തെക്കുറിച്ചും ശ്രീലങ്കയില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും ഇന്ത്യ മുന്‍പും ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ചൈനീസ് കപ്പലിന് ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്ത് രണ്ടുദിവസം മറൈന്‍ റിസര്‍ച്ച് നടത്താന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
2022 ല്‍ മറ്റൊരു ചൈനീസ് റിസര്‍ച്ച് കപ്പല്‍ യുവാന്‍ വാങ് 5 ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണു ചൈനീസ് ഗവേഷണ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ മാലദ്വീപിലേക്കു പോകുന്നത്. സിയാങ് യാങ് ഹോങ് 03 ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ‘ഓഷ്യന്‍ സര്‍വേ ഓപറേഷന്’ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് ഇന്ത്യയില്‍ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയേക്കുമെന്നും ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് ഗവേഷകനായ ഡാമിയന്‍ സൈമണിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പല്‍ ശേഖരിക്കുന്ന വിവരങ്ങള്‍, അന്തര്‍വാഹിനികളുടെ വിന്യാസം ഉള്‍പ്പെടെയുള്ളവ സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്കായി ചൈനയ്ക്ക് ഉപയോഗിക്കാമെന്നും ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.