
സംസ്ഥാനത്ത് പലയിടത്തും അന്തരീക്ഷ താപനില ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.നേരി ട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കണം.ഇല്ലെങ്കിൽ അത് താപാഘാതത്തിന് കാരണമാകും.
നിർജലീകരണം മൂലം വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന സമയം കൂടിയാണ് വേനൽക്കാലം.ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം എന്ന് മാത്രം.
അതേപോലെ ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ കൂടുതലായി കുടിക്കണം.ഒപ്പം വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും വെള്ളരിക്ക പോലുള്ള പച്ചക്കറി സാലഡുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
വെയിലത്ത് ജോലിചെയ്യേണ്ടിവരുന്ന അവസരങ്ങളിൽ പകൽ 11 മുതൽ മൂന്നുവരെയുള്ള സമയം വിശ്രമവേളയായി ജോലിസമയം ക്രമീകരിക്കുക.കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. കുട്ടികളെയും പ്രായമായവരെയും ഗർഭിണികളെയും ഹൃദ്രോഗം മുതലായ ഗുരുതര രോഗമുള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവർക്ക് ചെറിയ രീതിയിൽ സൂര്യാഘാതം ഏറ്റാൽപോലും ഗുരുതരമായ സങ്കീർണതകളുണ്ടാകാം.
വെള്ളരിക്ക അഥവാ കുക്കുമ്പർ
വേനൽക്കാലത്തെന്നല്ല, ഏതുകാലത്തും ആരോഗ്യസംരക്ഷണത്തിന് ധൈര്യമായി ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് വെള്ളരിക്ക അഥവാ കുക്കുമ്പർ. ഫൈബർ, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി പലവിധ പോഷകങ്ങളാൽ സമ്പന്നമാണ് വെള്ളരിക്ക.കൂടാതെ വിറ്റാമിൻ കെ, ആന്റിഓക്‌സിഡന്റുകൾ, മസ്തിഷ്ക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഫിസെറ്റിൻ എന്ന ആന്റി ഇൻഫ്ലമേറ്ററി ഫ്ലേവനോൾ എന്നിവയുടെ ഉയർന്ന സ്രോതസ്സ് കൂടിയാണ് ഇത്.
ദിവസവും വെള്ളരിക്ക വെറുതെയോ അല്ലെങ്കിൽ ജ്യൂസ് അടിച്ചോ കഴിക്കുകയാണെങ്കിൽ അൾസർ, നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രൈറ്റിസ്, അസിഡിറ്റി, മലബന്ധം തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും പരിഹാരമാകും.വെള്ളരിക്കയിൽ വെള്ളവും നാരുകളും ഉള്ളതിനാൽ ഇത് ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. പഞ്ചസാരയുടെ അംശം കുറവായതിനാൽ പ്രമേഹരോഗികൾക്കും ഏതു സമയത്തും കഴിക്കാവുന്ന ഒരു പച്ചക്കറി കൂടിയാണ് വെള്ളരിക്ക.
തണ്ണിമത്തൻ
ഉയർന്ന ജലാംശം ഉള്ളതിനാൽ വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ മികച്ചൊരു പഴമാണ് തണ്ണിമത്തൻ. അസിഡിറ്റി പ്രശ്നത്തിലും മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്കും തണ്ണിമത്തൻ ഏറെ ഗുണം ചെയ്യും.വൈറ്റമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.
വേനക്കാലത്ത് കണ്ടുവരുന്ന ഹീറ്റ് സ്‌ട്രോക്ക് ചെറുക്കാനുള്ള നല്ലൊരു വഴിയാണ് തണ്ണിമത്തന്‍. പഴത്തിലെ ഗണ്യമായ അളവിലുള്ള വെള്ളവും ഇലക്ട്രോലൈറ്റുകളും ശരീരത്തെ താപാഘാതത്തില്‍ നിന്ന് തടയുന്നു. ആ സമയങ്ങളില്‍ വെയിലത്ത് പോകുന്നതിന് മുമ്പ് കുറച്ച് തണ്ണിമത്തന്‍ ജ്യൂസ് കുടിച്ചാല്‍, അത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുകയും ശരീര താപനില നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.
ആരോഗ്യകരമായ ഭാരം നിലനിർത്താനും തണ്ണിമത്തൻ ഒരു മികച്ച പഴമാണ്. ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, തണ്ണിമത്തനിൽ കുറച്ച് കലോറി മാത്രമേയുള്ളൂ. മാത്രമല്ല കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും ചെയ്യും. പൊട്ടാസ്യം സമ്പുഷ്ടമായ തണ്ണിമത്തൻ ജ്യൂസ് യഥാർത്ഥത്തിൽ വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കുന്നു.
വൈവിധ്യമാര്‍ന്ന പോഷകങ്ങളും 90% വെള്ളവും കൊണ്ട് നിറഞ്ഞിരിക്കുന്ന തണ്ണിമത്തൻ നിര്‍ജ്ജലീകരണ പ്രശ്‌നങ്ങളില്‍ ഏറ്റവും അനുയോജ്യമായ ലഘുഭക്ഷണമാണ്.






