CrimeNEWS

മൈക്രോസോഫ്റ്റിന് നേരെ സൈബറാക്രമണം; പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാര്‍

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്ത് റഷ്യന്‍ ഹാക്കര്‍മാര്‍. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയുടെ കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്കില്‍ പ്രവേശിച്ച ഹാക്കര്‍മാര്‍ സൈബര്‍ സെക്യൂരിറ്റി, ലീഗല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പടെ കുറച്ച് പേരുടെ ഇമെയില്‍ ഐഡികള്‍ കൈക്കലാക്കിയെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. ഇതില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും നെറ്റ് വര്‍ക്കില്‍ തടസം നേരിട്ടേക്കാമെന്നും കമ്പനി അറിയിച്ചു.

ജീവനക്കാരുടെ കംപ്യൂട്ടറുകളിലേക്കോ മൈക്രോസോഫ്റ്റ് സെര്‍വറിലേക്കോ ഹാക്കര്‍മാര്‍ കടന്നിട്ടില്ലാത്തതിനാല്‍ അത് ഉല്പന്നങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. മിഡ്നൈറ്റ് ബ്ലിസാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ഹാക്കര്‍ സംഘം തങ്ങളുടെ സോഴ്സ്‌കോഡിലേക്കോ എഐ സംവിധാനങ്ങളിലേക്കോ പ്രവേശിച്ചതിന് തെളിവൊന്നും മൈക്രോസോഫ്റ്റിന് ലഭിച്ചിട്ടില്ല.

Signature-ad

ഹാക്കിങിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് മൈക്രോസോഫ്റ്റ് സംശയിക്കുന്ന ഹാക്കര്‍ സംഘം ‘ നൊബീലിയം’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇവര്‍ റഷ്യന്‍ ബന്ധമുള്ളവരാണെന്നാണ് യുഎസ് പറയുന്നത്. ഇവര്‍ മുമ്പ് യുഎസ് സര്‍ക്കാരിന്റെ കരാര്‍ സ്ഥാപനങ്ങളിലൊന്നായ സോളാര്‍വിന്റ്സ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിക്ക് നേരെ സൈബറാക്രമണം നടത്തിയിരുന്നു.

നവംബറിലാണ് മൈക്രോസോഫ്റ്റിന്റെ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാന്‍ ഹാക്കര്‍നാര്‍ ‘പാസ് വേഡ് സ്പ്രേ’ ആക്രമണം ആരംഭിച്ചത്. ബ്രൂട്ട് ഫോഴ്സ് ആക്രമണം എന്നും ഇത് അറിയപ്പെടുന്നുണ്ട്. കോര്‍പ്പറേറ്റ് അക്കൗണ്ടുകള്‍ കയ്യടക്കുന്നതിന് പ്രത്യേക യുസര്‍നെയിമുകളില്‍ നിരവധി പാസ് വേഡുകള്‍ അതിവേഗം ഉപയോഗിക്കുന്ന രീതിയാണിത്.

അക്കൗണ്ടുകള്‍ക്കൊപ്പം ഇമെയിലുകളും അതിലുള്ള രേഖകളും കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും. ജനുവരി 12 നാണ് ഹാക്കിങ് മൈക്രോസോഫ്റ്റ് തിരിച്ചറിഞ്ഞത്. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും മുന്‍കരുതല്‍ സ്വീകരിക്കാനും മറ്റുള്ളവരെ സംരക്ഷിക്കാനുമുള്ള ശ്രമത്തിലാണ് കമ്പനി. മുമ്പും പലതവണ മൈക്രോസോഫ്റ്റിന് നേരെ സൈബറാക്രമണം നടന്നിട്ടുണ്ട്.

Back to top button
error: