കണ്ണൂര്‍: മകന്‍ നന്ദന്റെ ഇടതുപക്ഷ ചിന്തയില്‍ വളരെ അഭിമാനിക്കുന്നുവെന്ന് നടി സുഹാസിസി. തളിപ്പറമ്പില്‍ ഹാപ്പിനസ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുഹാസി. മകന്‌ചെന്നൈയിലെ സിപിഎം ഓഫിസ് ആദ്യമായി സന്ദര്‍ശിച്ചതിനെക്കുറിച്ചും സുഹാസിനി പറഞ്ഞു. സിപിഎമ്മിന്റെ വളന്‍ഡിയറായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
നന്ദന്‍ ഒരിക്കലും മറ്റുകുട്ടികളെപ്പോലെയായിരുന്നില്ല. സ്‌കൂളില്‍ നിന്ന് വന്നാല്‍ ബാഗ് വലിച്ചെറിഞ്ഞ് ടിവി ഓണ്‍ ചെയ്ത് പാര്‍ലമെന്റ് ചാനല്‍ കാണും. കുട്ടികള്‍ പൊതുവെ കാര്‍ട്ടുണുകളും കോമികുകളുമാണല്ലോ കാണുന്നത്. ഞാന്‍ വിചാരിക്കാറുണ്ട്, എന്ത് തരത്തുള്ള കുട്ടിയ്ക്കാണ് ജന്മം കൊടുത്തതെന്ന്. രാഷ്ട്രീയ പുസ്തകങ്ങളാണ് വായിക്കുക. ദാസ് ക്യാപിറ്റല്‍ വായിക്കുമ്പോള്‍ അവന് വയസ്സ് പന്ത്രണ്ട്.
ഒരിക്കല്‍ ‘മൂലധന’വും കൈയില്‍ പിടിച്ച് മകന്‍ സിപിഎം പാര്‍ട്ടി ഓഫിസിലേക്ക് കയറി ചെന്നു. ഓഫീസിന് മുന്നില്‍ കാര്‍ നിര്‍ത്താന്‍ അവന്‍ അനുവദിച്ചില്ല. കാരണം അവന് കാറുണ്ടെന്ന് പാര്‍ട്ടിയിലുള്ളവര്‍ അറിയണ്ട എന്ന് കരുതി. എന്നിട്ട് നടന്നു പോയി. മൂലധനമാണല്ല അവന്റെ വിസിറ്റിങ് കാര്‍ഡ്. അതു കണ്ടപ്പോള്‍ ഭക്ഷണം കഴിച്ചോ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആദ്യം ചോദിച്ചത്. അതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണം. പേരെന്താണന്നോ എവിടെ നിന്ന് വരുന്നു എന്നൊന്നും ചോദിച്ചില്ല. ആദ്യം തന്നെ ഭക്ഷണമാണ് നല്‍കിയത്.
ഭക്ഷണം കഴിച്ചതിന് ശേഷം അവനെ സെക്രട്ടറിയുടെ അടുത്തേക്ക് കൊണ്ടുപോയി. എന്താണ് പേര് എന്ന് ചോദിച്ചപ്പോള്‍ നന്ദന്‍ എന്ന് പറഞ്ഞു. അച്ഛന്റെ പേര് ചോദിച്ചപ്പോള്‍ മണിരത്നത്തിന്റെ യഥാര്‍ഥ പേരാണ് മകന്‍ പറഞ്ഞത്. ഗോപാലരത്ന സുബ്രഹ്‌മണ്യം എന്നാണ് മണിരത്നത്തിന്റെ യഥാര്‍ഥ പേര്. അമ്മയുടെ പേര് സുഹാസിനി എന്ന് പരഞ്ഞപ്പോള്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചോദിച്ചു. നീ മണിരത്നത്തിന്റെയും സുഹാസിനിയുടെയും മകനാണോ എന്നും നീ ഇവിടെ വന്നത് അവര്‍ക്ക് അറിയുമോ എന്നും. അവന്‍ പറഞ്ഞു, അത് എന്റെ തീരുമാനം അല്ലേ. പിന്നീട് അവന്‍ സിപിഐം വളന്‍ഡിയറായി. ചെന്നൈ പാര്‍ട്ടി സമ്മേളനത്തില്‍ മകനെ വളന്‍ഡിയറായി കണ്ട കാര്യം സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതുകൊണ്ടാണ് ഞാനിപ്പോള്‍ ഇത് ഇവിടെ പറയാന്‍ കാരണം- സുഹാസിനി പറഞ്ഞു.
അടിയുറച്ചതും തെളിവാര്‍ന്നതുമായ മകന്റെ രാഷ്ട്രീയ ബോധത്തില്‍ നിറഞ്ഞ അഭിമാനമുണ്ടെന്നും സുഹാസിനി കൂട്ടിച്ചേര്‍ത്തു.