ന്യൂഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ വലിയ രീതിയില്‍ ചര്‍ച്ച ആയ ഒരു വിഷയമായിരുന്നു. അതെസമയം കേസിലെ പ്രതിയെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായത്. വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് നവംബര്‍ 10 നാണ് പൊലീസിന്റെ പ്രത്യേക സെല്‍ കേസ് എടുത്തത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രഫഷണലായ ഈമണി നവീനെ(24)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രശ്മികയുടെ ഡീപ്‌ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട 500-ലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചതിന് ശേഷമാണ് പോലീസ് നവീനിലേക്ക് എത്തിയത് എന്നാണ് വിവരം.
ഗുണ്ടൂര്‍ പെടനാണ്ടിപ്പാട് സ്വദേശിയാണ് നവീന്‍. ഇന്‍സ്റ്റഗ്രാമില്‍ ഇയാള്‍ രശ്മിക മന്ദനയുടെ പേരില്‍ ഒരു ഫാന്‍ പേജ് ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിലേക്ക് കൂടുതല്‍ ആളുകളെ ലഭിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഡീപ്പ് ഫേക്ക് വീഡിയോ ഉണ്ടാക്കിയത് എന്നാണ് പൊലീസിനോട് സമ്മതിച്ചത്. എന്നാല്‍ ഈ വീഡിയോ വൈറലായി മാറുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റില്‍ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ നടി രശ്മിക മന്ദനയുടെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചത്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറുടെ വീഡിയോ വച്ചാണ് രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ തയ്യാറാക്കിയത്.
രശ്മികയുടെ ഡീപ്പ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോള്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിച്ചതായാണ് കണ്ടെത്തല്‍.