പാലക്കാട്: അരലക്ഷം രൂപ കൈക്കൂലി വാങ്ങവേ പാലക്കാട് ഭൂരേഖ തഹസില്‍ദാരെ വിജിലന്‍സ് കൈയോടെ പിടികൂടി. വടവന്നൂര്‍ ഊട്ടറ വി. സുധാകരനെയാണ് (53) പാലക്കാട് വിജിലന്‍സ് യൂണിറ്റ് അറസ്റ്റു ചെയ്തത്. ഹൈക്കോടതി ഉത്തരവുമായെത്തിയ ആളിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി അരലക്ഷം രൂപ കൈക്കൂലി വാങ്ങിക്കുന്നതിനിടെയാണ് സംഭവം.
കഞ്ചിക്കോട് സ്വദേശിയായ പരാതിക്കാരന്‍ ഒരേക്കര്‍ പുരയിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി 2023 അവസാനത്തോടെയാണ് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പുമായി താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് പലപ്രാവശ്യം സുധാകരനെ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചു. അപ്പോഴൊക്കെ പെട്ടെന്നൊന്നും തരാന്‍ പറ്റില്ലെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും പറഞ്ഞ് മടക്കിയയച്ചു. വലിയൊരു പദ്ധതിക്കു വേണ്ടിയായതിനാല്‍ ചെലവ് ചെയ്യേണ്ടിവരുമെന്നും തഹസില്‍ദാര്‍ പരാതിക്കാരനോട് പറഞ്ഞതായി വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ പരാതിക്കാരന്‍ ഫോണില്‍ തഹസില്‍ദാരെ വിളിച്ചപ്പോള്‍ 50,000 രൂപയുമായി വൈകിട്ട് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം പാലക്കാട് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി.എം. ദേവദാസിനെ അറിയിച്ചു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഓഫീസില്‍ വെച്ച് തഹസില്‍ദാരെ കൈയോടെ പിടികൂടുകയായിരുന്നു. പ്രത്യേകമായി തയ്യാറാക്കിയ നോട്ടുകളാണ് തഹസില്‍ദാര്‍ക്ക് കൈമാറാനായി വിജിലന്‍സ് നല്‍കിയത്. സുധാകരനെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.
ഭൂരേഖ തഹസില്‍ദാരെക്കുറിച്ച് മുമ്പും നിരവധി പരാതികളുയര്‍ന്നിരുന്നതായും വ്യക്തമായ തെളിവുകളടക്കമുള്ള പരാതിക്കായി കാത്തിരിക്കുകയായിരുന്നെന്നും വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. താലൂക്ക് ഓഫീസില്‍ വിജിലന്‍സ് സംഘം വിശദമായ തെളിവെടുപ്പും നടത്തി.