ഖാൻ യൂനിസിലെ ഹമാസ് കമാൻഡറുടെ വീടിന് താഴെയുള്ള വിശാലമായ തുരങ്ക ശൃംഖല സൈനികർ കണ്ടെത്തിയതായി ഐ.ഡി.എഫ് വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു
തുരങ്കത്തില്‍ പ്രവേശിച്ചപ്പോള്‍ ഹമാസിന്റെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ്പ് ഉണ്ടായതായും അവരെ കൊലപ്പെടുത്തിയതായും ഹഗാരി അറിയിച്ചു. അതേസമയം, തുരങ്കത്തില്‍ ബന്ദികളൊന്നും ഉണ്ടായിരുന്നില്ല. സൈന്യം എത്തിയപ്പോഴേക്കും ഇവിടെയുണ്ടായിരുന്നവരെ മാറ്റിയെന്നാണ് കരുതുന്നത്.
സ്ഫോടക വസ്തുക്കളും സ്ഫോടന വാതിലുകളും ഉപയോഗിച്ചാണ് തുരങ്കം ക്രമീകരിച്ചിരുന്നത്. ഒരു കിലോമീറ്ററോളം നടന്ന ശേഷം ഏകദേശം 20 മീറ്റർ ഭൂമിക്കടിയിലായിട്ടാണ് തുരങ്കത്തിന്റെ കേന്ദ്രഭാഗം. നേരത്തെ ഇസ്രായേലിലേക്ക് തിരിച്ചെത്തിയ ബന്ദികള്‍ പറഞ്ഞതനുസരിച്ച്, അവർ കൂടുതല്‍ സമയവും ഇവിടെ ചെലവഴിച്ചുവെന്നാണ് മനസ്സിലാകുന്നതെന്ന് ഹഗാരി അറിയിച്ചു.
തുരങ്കത്തിനുള്ളില്‍ അഞ്ച് ഇടുങ്ങിയ മുറികളുണ്ട്. ഇതില്‍ കിടക്കയും ടോയ്ലെറ്റും സജ്ജീകരിച്ചിട്ടുണ്ട്. 20ഓളം ബന്ദികള്‍ ഈ തുരങ്കത്തില്‍ വിവിധ സമയങ്ങളില്‍ പകല്‍ വെളിച്ചമില്ലാതെയും മതിയായ ഓക്സിജനില്ലാതെയും കഠിനമായ സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്നുവെന്നാണ് മനസ്സിലാകുന്നതെന്നും ഐ.ഡി.എഫ് വക്താവ് പറഞ്ഞു.
ഈ മാസം ഇത് രണ്ടാം തവണയാണ് ഹമാസിന്റെ തുരങ്കം കണ്ടെത്തിയതായി സൈന്യം പറയുന്നത്. ജനുവരി 10ന് ഖാൻ യൂനിസിലെ മറ്റൊരു തുരങ്കത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഹമാസിന്റെ തുരങ്ക ശൃംഖല 350-450 മൈല്‍ നീളമുള്ളതാണെന്നാണ് ഇസ്രായേലി പ്രതിരോധ സേനയുടെ വിലയിരുത്തല്‍.