അമരാവതി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍ ആന്ധ്രയില്‍ നിന്നാണ് പ്രതി പിടിയിലായത്. ഡല്‍ഹി പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ നവംബറിലായിരുന്നു രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട പരാതിയില്‍ പൊലീസ് നേരത്തേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഡല്‍ഹി പൊലീസാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട് ഐപിസി 465, 469, 1860, ഐടി ആക്ട് 2000 ലെ സെക്ഷന്‍ 66ഇ, 66ഋ എന്നി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രശ്മികയുടെ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മീഷനും നടപടി ആവശ്യപ്പെട്ടിരുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ രശ്മികയുടേതെന്ന പേരില്‍ പ്രചരിച്ച വ്യാജ വീഡിയോ പലരും വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. ഗ്ലാമറസ് വസ്ത്രം ധരിച്ച് യുവതി ലിഫ്റ്റിലേക്ക് ഓടിക്കയറുന്നതാണ് വീഡിയോ. സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോയാണ് എ.ഐ ഡീപ്പ് ഫേക്കിലൂടെ രശ്മികയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. എന്നാല്‍ വ്യാജ പ്രചരണത്തില്‍ തനിക്ക് ഒരു അറിവുമില്ലെന്ന് സാറ പറഞ്ഞു.
വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചനടക്കം രംഗത്തുവന്നിരുന്നു. ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ കൃത്യമായ നിയന്ത്രണം വേണമെന്നും ബച്ചന് ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയായതോടെ കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖരന് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.