വടകര: കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധയാർകർഷിച്ച കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നാണ് വടകര.
സി.പി.എമ്മിൻ്റെ കരുത്തൻ പി. ജയരാജൻ ഇവിടെ മത്സരിക്കാൻ എത്തിയതും വടകരയിലെ എം.പിയും അന്നത്തെ കെ.പി.സി.സി പ്രസിഡൻ്റുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയില്‍ നിന്ന് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതുമൊക്കെ വലിയ വാർത്തകളായിരുന്നു.
മുല്ലപ്പള്ളിയ്ക്ക് പിൻഗാമിയെ തേടി യു.ഡി.എഫ് നേതൃത്വം ഓടി നടന്നു. പരാജയഭീതി മൂലം ഒരു കോണ്‍ഗ്രസ് നേതാവിനും വടകരയില്‍ മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. ഒടുവില്‍ തിരുവനന്തപുരം വട്ടിയൂർക്കാവ് എം.എല്‍.എ ആയിരുന്ന കെ.മുരളീധരൻ വെല്ലുവിളി സ്വയം ഏറ്റെടുത്ത് വടകരയില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ എത്തുകയായിരുന്നു. യു.ഡി.എഫിൻ്റെ വിജയം അന്ന് വടകരയില്‍ ആരും
പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, വടകരക്കാർ ലീഡറുടെ മകനെ മനസാ സ്വീകരിക്കുകയായിരുന്നു. പി.ജയരാജനെ മലർത്തിയടിച്ച് കെ.മുരളീധരൻ അവിടെ വൻ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
വടകര പൊതുവേ ഒരു എല്‍.ഡി.എഫ് അനുകൂല മണ്ഡലമാണ്. മുൻ കാലങ്ങളില്‍ തുടർച്ചയായി എല്‍.ഡി.എഫ് ജയിച്ചു കൊണ്ടിരുന്ന മണ്ഡലമാണ് ഇത്. ഇക്കുറി വടകര സീറ്റ് നിലനിർനിർത്താൻ യു.ഡി.എഫും തിരിച്ചു പിടിക്കാൻ എല്‍.ഡി.എഫും ആഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കെ സ്ഥാനാർഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഏവരും.
ഇക്കുറിയും വടകരയില്‍ യു,ഡി.എഫ് സ്ഥാനാർത്ഥിയായി മുൻ കെ.പി.സി.സി പ്രസിഡൻ്റ് കൂടിയായ കെ. മുരളീധരൻ എത്തുമെന്നാണ് അറിയുന്നത്. കെ.കെ. ഷൈലജ ടീച്ചറെ വടകരയില്‍ ഇറക്കി മുരളീധരനെ പ്രതിരോധിക്കാനാണ് എല്‍.ഡി.എഫ് നീക്കമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഷൈലജ ടീച്ചർ വടകരയില്‍ മത്സരിച്ചാല്‍ വടകര പാർലമെൻ്റ് സീറ്റ് എങ്ങനെയും തങ്ങള്‍ക്ക് അനുകൂലമായി വന്ന് ചേരുമെന്നാണ് ഇടതുപക്ഷം കണക്ക് കൂട്ടുന്നത്.
വടകര എം.പിയായ കെ. മുരളീധരൻ ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാൻ്റില്‍ നിന്ന് സമ്മർദ്ദം ഉണ്ടായാല്‍ മത്സരിക്കുമെന്ന് തീർച്ചയാണ്. ഇടതുമുന്നണി ജയിക്കുമെന്ന് കരുതിയിടത്താണ് 2019ല്‍ മുരളീധരൻ്റെ സ്ഥാനാർത്ഥിത്വത്തിലൂടെ അപ്രതീക്ഷിത തോല്‍വി ഇടതുപക്ഷത്തിനുണ്ടായത്. ഈ പരീക്ഷണം ഒരിക്കല്‍ കൂടി നടത്താനാണ് യു.ഡി.എഫ് തുനിയുന്നതെന്നാണ് പുറത്തുവരുന്ന വിവരം.