കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഇന്നു പുലര്‍ച്ചെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്‌മാനു കുത്തേറ്റിരുന്നു. നാസര്‍ ചികിത്സയിലാണ്.
കത്തിക്കുത്തുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. മൂന്നാം വര്‍ഷ ഇംഗ്ലിഷ് വിദ്യാര്‍ഥി അബ്ദുള്‍ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറിലെ വിശദീകരണം.
കോളജില്‍ നാടകോത്സവത്തിന്റെ ചുമതലക്കാരനായ നാസര്‍ അബ്ദുല്‍ റഹ്‌മാന്‍ നാടക പരിശീലനത്തിനു ശേഷം ഇറങ്ങുന്നതിനെയാണ് ആക്രമണമുണ്ടായത്. വടിവാളും ബീയര്‍ കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം.
അതിനിടെ, മഹാരാജാസ് കോളജിലെ ഭിന്നശേഷിക്കാരനായ അധ്യാപകനു വിദ്യാര്‍ഥിയുടെ മര്‍ദ്ദനം. അറബിക് വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെഎം നിസാമുദ്ദീനാണ് മര്‍ദ്ദനമേറ്റത്. അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് റാഷിദാണ് അധ്യാപകനെ ആക്രമിച്ചത്. അധ്യാപകന്റെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.
ബുധനാഴ്ചയായിരുന്നു സംഭവം. അറബിക് ഡിപ്പാര്‍ട്മെന്റില്‍ എത്തിയ മുഹമ്മദ് റാഷിദ് അധ്യാപകനോടു വളരെ പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. എന്നാല്‍, സംസാരിക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞ് അധ്യാപകന്‍ പ്രിന്‍സിപ്പല്‍ റൂമിലേക്ക് പോയി.
പിന്നാലെ കോണിപ്പടിയില്‍ വച്ച് മുഹമ്മദ് റാഷിദ് അധ്യാപകനെ തടഞ്ഞു. അരയില്‍ കരുതിയിരുന്ന കത്തി പോലുള്ള ആയുധത്തിന്റെ പിടികൊണ്ടു അധ്യാപകന്റെ പിറകില്‍ രണ്ട് തവണ ഇടിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും അഭ്യം പറയുകയും ചെയ്തു. പരിക്കേറ്റ അധ്യാപകനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേള്‍വി പരിമിതികളുള്ള അധ്യാപകനാണ് നിസാമുദ്ദീന്‍.