മുംബൈ: കൊല്ലപ്പെട്ട മുന്‍ മോഡല്‍ ദിവ്യ പഹൂജ(27)യുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പോയിന്റ് ബ്ലാങ്ക് റേഞ്ചിലാണ് ദിവ്യയ്ക്ക് വെടിയേറ്റതെന്നും തലയ്ക്കുള്ളില്‍നിന്ന് വെടിയുണ്ട പുറത്തെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിയാണയിലെ ഹിസാറിലുള്ള അഗ്രോഹ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. ഡോ.മോഹന്‍ സിങിന്റെ മേല്‍നോട്ടത്തില്‍ രണ്ട് വനിതകളടക്കം നാല് ഡോക്ടര്‍മാര്‍ നടപടികള്‍ക്ക് നേതൃത്വംനല്‍കി.
ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം പിന്നീട് അന്ത്യകര്‍മങ്ങള്‍ക്കായി ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി. കാമുകനും ഗുണ്ടാനേതാവുമായ സന്ദീപ് ഗഡോലിയെ വ്യാജ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദിവ്യ.
അഭിജീത് സിങ്ങിന്റെ സഹായികളായ ഹേമരാജ്, ഓംപ്രകാശ്, ബല്‍രാജ് ഗില്‍ എന്നിവരെയും പെണ്‍സുഹൃത്തായ മേഘയെയുമാണ് കേസില്‍ പോലീസ് പിടികൂടിയത്. കൃത്യം നടത്തിയശേഷം മൃതദേഹം കാറിലെത്തിക്കാന്‍ ഹേമരാജും ഓംപ്രകാശുമാണ് സഹായിച്ചത്. തുടര്‍ന്ന് മുഖ്യപ്രതിയുടെ കാറില്‍ ബല്‍രാജ് ഗില്‍, രവി ബംഗ എന്നിവര്‍ മൃതദേഹവുമായി രക്ഷപ്പെട്ടു. പഞ്ചാബില്‍വെച്ചാണ് ഇരുവരും മൃതദേഹം കനാലില്‍ തള്ളിയതെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ ഉള്‍പ്പെട്ട ബല്‍രാജ് ഗില്ലിനെ കഴിഞ്ഞദിവസം കൊല്‍ക്കത്ത വിമാനത്താവളത്തില്‍നിന്നാണ് പോലീസ് പിടികൂടിയത്. കൃത്യം നടത്താന്‍ ഉപയോഗിച്ച തോക്കും ദിവ്യയുടെ ചില രേഖകളും ഒളിപ്പിച്ചതിനാണ് മേഘയെ പോലീസ് അറസ്റ്റ് ചെയ്തത്.
സന്ദീപ് വധക്കേസില്‍ ഏഴുവര്‍ഷത്തോളം ജയിലിലായിരുന്ന ദിവ്യ, കഴിഞ്ഞ ജൂണിലാണ് ജാമ്യത്തിലിറങ്ങിയത്. 2016 ഫെബ്രുവരി ഏഴിനാണ് മുംബൈയിലെ ഹോട്ടലില്‍വെച്ച് ഹരിയാണ പോലീസിന്റെ ഏറ്റുമുട്ടലില്‍ സന്ദീപ് ഗഡോലി കൊല്ലപ്പെട്ടത്. സംഭവസമയം സന്ദീപിന്റെ കാമുകിയായ ദിവ്യയും ഹോട്ടലിലുണ്ടായിരുന്നു. എന്നാല്‍, മുംബൈയിലെ ഹോട്ടലില്‍ ഹരിയാണ പോലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു മുംബൈ പോലീസിന്റെ കണ്ടെത്തല്‍.
ഹരിയാണ പോലീസിലെ ഉദ്യോഗസ്ഥരും സന്ദീപിന്റെ എതിരാളി വിരേന്ദര്‍ കുമാര്‍ എന്ന ബിന്ദേര്‍ ഗുജ്ജാറും ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്തതെന്നും മുംബൈ പോലീസ് കണ്ടെത്തി. ദിവ്യ പഹൂജയെ ഉപയോഗിച്ച് സന്ദീപിനെ ഹണിട്രാപ്പില്‍ കുടുക്കിയാണ് സംഘം പദ്ധതി നടപ്പാക്കിയതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. തുടര്‍ന്നാണ് സന്ദീപ് കൊലക്കേസില്‍ അഞ്ച് പോലീസുകാരും ദിവ്യയും ഇവരുടെ മാതാവും ഉള്‍പ്പെടെ അറസ്റ്റിലായത്.