ഇതില്‍ ഭൂരിഭാഗം പേരും വാതില്‍പ്പടിയില്‍ ഇരുന്ന് യാത്ര ചെയ്തപ്പോഴോ വാതിലിനടുത്ത് നിന്ന് യാത്രചെയ്തപ്പോഴോ പുറത്തേക്ക് തെറിച്ചുവീണ് മരിച്ചവരാണ്.
കഴിഞ്ഞദിവസം പാലക്കാട്-ഷൊര്‍ണൂര്‍ പാതയില്‍ ചോറോട്ടൂരില്‍ ഇതര സംസ്ഥാനത്തുനിന്നെന്നു സംശയിക്കുന്ന രണ്ടുപേരെ റെയില്‍പ്പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ തീവണ്ടിയുടെ വാതില്‍പ്പടിയില്‍നിന്നാണ് തെറിച്ചുവീണതെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
2022-ല്‍ 24 പേര്‍ മരിച്ചിടത്താണ് കഴിഞ്ഞവര്‍ഷം 40 പേര്‍ക്ക് ജീവൻനഷ്ടമായത്. കഴിഞ്ഞവര്‍ഷം 137 അപകടങ്ങളാണ് ഇങ്ങനെയുണ്ടായത്. പരിക്കേറ്റവരുടെ എണ്ണം ഇതിനേക്കാള്‍ കൂടുതലാണെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
കഞ്ചിക്കോട്-കോയമ്ബത്തൂര്‍ റെയില്‍പ്പാളത്തിലാണ് ഇത്തരം അപകടങ്ങള്‍ കൂടുതലായുണ്ടായത്. തൃശ്ശൂരില്‍വെച്ചും ഒരാള്‍ക്ക് വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്യുന്നതിനിടെ പ്ലാറ്റ് ഫോമില്‍ കാല്‍തട്ടി പരിക്കേറ്റിരുന്നു.
വളവുകളേറെയുള്ള ഈ റൂട്ടിൽ ട്രെയിനിന് വേഗം കൂടുമ്ബോള്‍ വാതില്‍ വന്നടയുന്നതോടെ വാതില്‍പ്പടിയില്‍ യാത്ര ചെയ്യുന്നവര്‍ തെറിച്ചുവീണ് അപകടം പറ്റുന്നു എന്നാണ് റിപ്പോർട്ട്. മൊബൈല്‍ ഫോണും ഹെഡ്സെറ്റും വെച്ചിരിക്കുന്നവര്‍ പലപ്പോഴും മറ്റുശബ്ദങ്ങള്‍ കേള്‍ക്കാതെ പോകുമ്ബോള്‍ കൂടുതൽ അപകടം സംഭവിക്കുമെന്നും അധികൃതര്‍ പറയുന്നു.