KeralaNEWS

കണ്ണനു മുന്നില്‍ കൂപ്പുകൈകളുമായി അവര്‍; 27 വിദേശ ഭക്തര്‍ക്ക് ഗുരുവായൂരില്‍ തുലാഭാരം

തുശൂര്‍: ബ്രസീല്‍, ഫ്രാന്‍സ്, ഓസ്ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ 27 ഭക്തര്‍ ഗുരുവായൂരപ്പന് മുന്നില്‍ കൂപ്പുകൈകളോടെ തുലാഭാരം നടത്തി. ഇതാദ്യമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്രയധികം വിദേശഭക്തര്‍ക്ക് തുലാഭാരം നടക്കുന്നത്.

ബ്രസീലിലെ സീതാജിയുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് തുലാഭാര സമര്‍പ്പണം നടത്തിയത്. കഴിഞ്ഞ ഏഴുവര്‍ഷമായി ഓണ്‍ലൈനിലൂടെ കേട്ടറിഞ്ഞ ഗുരുവായൂര്‍ വിശേഷങ്ങളും കൃഷ്ണകഥകളും അവര്‍ അയവിറക്കി. സനാതന ധര്‍മ്മത്തെ പിന്തുടരുന്ന ഇവര്‍ സായ് സഞ്ജീവനി ട്രസ്റ്റിന്റെ അതിഥികളായാണ് എത്തിയത്.

Signature-ad

വെള്ളപ്പൊക്കവും കോവിഡും ഒക്കെ കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്നെങ്കിലും ഇവര്‍ക്ക് കേരളത്തില്‍ എത്താന്‍ സാധിച്ചിരുന്നില്ല. 27 പേരും മണിക്കിണറിലെ തീര്‍ത്ഥം കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്. സാധനാ മര്‍ഗ്ഗം പിന്തുടരുന്ന ഇവര്‍ ശരീര ബോധ (ഈഗോ) സമര്‍പ്പണം എന്ന സങ്കല്‍പത്തിലാണ് തീര്‍ത്ഥജലം തുലാഭാരത്തിനായി തിരഞ്ഞെടുത്തത്.

തുടര്‍ന്ന് ഗുരുവായൂര്‍ സായിമന്ദിരത്തില്‍ നടന്ന മഹാഭിഷേകത്തിലും അമാവാസ്യ ഹവനത്തിലും അവര്‍ പങ്കെടുത്തു. ഇന്ന് തിരുവണ്ണാമലയിലേക്ക് യാത്ര തിരിക്കും. സായി സഞ്ജീവനി നടത്തുന്ന മൗന യോഗ പരിശീലകരാണ് ഇവര്‍. ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി ഹരിനാരായണന്‍ , അരുണ്‍ നമ്പ്യാര്‍, വിജീഷ് മണി, അഡ്വ: രാജന്‍ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. തുലാഭാരസംഖ്യ 4200 ദേവസ്വത്തില്‍ അടവാക്കി. എല്ലാവരും പിടിപ്പണം ഭഗവാന് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചുമാണ് മടങ്ങിയത്.

 

Back to top button
error: