KeralaNEWS

വായ്പ കൃത്യമായി അടച്ചതിന് പ്രധാനമന്ത്രിയുടെ പ്രശംസ; റിപ്ലബിക് ദിനമാഘോഷിക്കാന്‍ കാദിയയും റഷീദും ഡല്‍ഹിക്ക്

മലപ്പുറം: റിപ്പബ്ലിക് ദിനാഘോഷം കാണാന്‍ മഞ്ചേരി കൊള്ളിത്തോട് കദിയയ്ക്കും ഭര്‍ത്താവ് റഷീദിനും ഡല്‍ഹിക്ക് പോകാം. ഇതോടൊപ്പം പ്രധാനമന്ത്രിയെ കാണാനും ദമ്പതികള്‍ക്ക് അവസരമുണ്ടാകും. ഇതിനായി ഇവര്‍ക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് ക്ഷണം ലഭിച്ചു.

പ്രധാനമന്ത്രി സ്വനിധിയില്‍നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചവരില്‍നിന്ന് തെരഞ്ഞെടുത്തവര്‍ക്കാണ് സംസ്ഥാനത്തുനിന്ന് റിപ്പബ്ലിക് ദിനാഘോഷം കാണാനും പ്രധാനമന്ത്രിയെ നേരില്‍ കാണാനും അവസരമൊരുക്കുന്നത്. പിഎം സ്വനിധി പദ്ധതിപ്രകാരം തെരവുകച്ചവടക്കാര്‍ക്ക് അനുവദിക്കുന്ന സൂക്ഷ്മ വായ്പയെടുത്ത് മൂന്നുതവണയും കൃത്യമായി തിരിച്ചടവ് നടത്തി ഉപജീവനം തേടുന്ന വനിതകള്‍ക്കാണ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ മുന്‍ഗണന ലഭിക്കുന്നത്. മഞ്ചേരി നഗരസഭാ കുടുംബശ്രീ മുഖേനെയാണ് കദിയയെ ശുപാര്‍ശ ചെയ്തത്.

Signature-ad

മഞ്ചേരി – കോഴിക്കോട് റോഡില്‍ ഉന്തുവണ്ടിയിലാണ് കദിയയും ഭര്‍ത്താവും കച്ചവടം നടത്തുന്നത്. ഉന്തുവണ്ടിയില്‍ ഷെഡ് കെട്ടി വര്‍ഷങ്ങളായി തട്ടുകട നടത്തിവരികയാണ് മങ്കട പള്ളിപ്രം സ്വദേശികളായ കദിയയും ഭിന്നശേഷിക്കാരനായ ഭര്‍ത്താവും. ചായ, കഞ്ഞി, നെയ്ച്ചോര്‍, ബീഫ്, കപ്പ എന്നിവയൊക്കെയാണ് കദിയയും ഭര്‍ത്താവും നല്‍കുന്ന ഭക്ഷ്യവിഭവങ്ങള്‍. കുറഞ്ഞവിലയാണ് മറ്റൊരാകര്‍ഷണം. കാലത്ത് നാലുമണിക്കാണ് കദിയ വന്ന് ഭക്ഷണമൊരുക്കുന്നത്. ഒറ്റയ്ക്കുതന്നെയാണ് എല്ലാ ജോലികളും ചെയ്യുന്നത്.

2020 ലാണ് സ്വനിധിയില്‍നിന്ന് പതിനായിരം രൂപ കദിയ വായ്പയെടുത്തത്. അത് അടച്ചുതീര്‍ന്നപ്പോള്‍ സ്വനിധിയുടെതന്നെ രണ്ടാംഘട്ടമായ 20,000 രൂപയും കൂടി വാങ്ങി. ഇടക്കാലത്ത് കോവിഡ് എത്തിയപ്പോള്‍ തിരിച്ചടവ് പ്രതിസന്ധിയിലായെങ്കിലും വൈകാതെ വീട്ടി. മൂന്നാമത്തെ ഘട്ടത്തില്‍ 50,000 രൂപ വായ്പ അനുവദിച്ചു. ഇത് മുടങ്ങാതെ അടച്ചുവരികയാണ്. ഡല്‍ഹിക്ക് ക്ഷണം കിട്ടിയതറിഞ്ഞതോടെ ഇരുവരും സന്തോഷത്തിലാണ്. 23നാണ് ഇരുവരും കോഴിക്കോട്ടുനിന്ന് ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറുന്നത്.

 

 

Back to top button
error: