IndiaNEWS

സിപിഎം ‘ഭീകരരുടെ പാര്‍ട്ടി’; സഖ്യത്തില്‍ ഏര്‍പ്പെടില്ല: നിലപാടു വ്യക്തമാക്കി മമത

കൊല്‍ക്കത്ത: സിപിഎം ‘ഭീകരരുടെ പാര്‍ട്ടി’യെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്നും മമത വ്യക്തമാക്കി. ചൊവ്വാഴ്ച സൗത്ത് 24 പര്‍ഗാനാസിലെ ജയ്നഗറില്‍ സര്‍ക്കാര്‍ പരിപാടിയിലാണ് മമത ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളാണ് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും.

”ഭീകര പാര്‍ട്ടിയായ സിപിഎം ബിജെപിയെ സഹായിക്കുകയാണ്. 34 വര്‍ഷം അത് ജനങ്ങളുടെ മനസ്സുകൊണ്ട് കളിച്ചു. ഇന്ന് അവര്‍ ക്യാമറയ്ക്ക് മുന്നില്‍ ഇരുന്നു സംസാരിക്കുന്നു. 34 വര്‍ഷം അവര്‍ അധികാരത്തിലിരുന്നപ്പോള്‍ എന്താണ് ചെയ്തത്?. ആളുകള്‍ക്ക് എത്ര അലവന്‍സ് ലഭിച്ചു?. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ 20,000-ത്തിലധികം ആളുകള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. അവരുടെ ഭരണകാലത്ത് ജനങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല” മമത പറഞ്ഞു. ബിജെപിക്കും സിപിഎമ്മിനുമെതിരെയാണ് തന്റെ പോരാട്ടമെന്നും മമത വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് സിപിഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ മൂന്ന് പാര്‍ട്ടികള്‍ക്കും ഒരു പൊതുവേദിയില്‍ വരുന്നത് ബുദ്ധിമുട്ടാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞിരുന്നു. ഇതിനിടെയാണ് നിലപാടു വ്യക്തമാക്കി മമതയും രംഗത്തുവന്നത്.

അതിനിടെ, ബിജെപിയുമായി തൃണമൂലിന് രഹസ്യ ധാരണയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.ഡി.സെലിം ഞായറാഴ്ച ആരോപിച്ചിരുന്നു. അഴിമതിക്കാരായ തൃണമൂല്‍ കോണ്‍ഗ്രസിന് അവരുടെ നേതാക്കളെ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി.) പരിശോധനയില്‍ നിന്ന് രക്ഷിക്കാന്‍ ബിജെപിയുമായി രഹസ്യ ധാരണയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

Back to top button
error: