FeatureLIFE

ഉറപ്പാക്കാം സാമ്ബത്തിക സുരക്ഷിതത്വം; നടപ്പാക്കാം ‘ഒരു വീടും കുഞ്ഞാടും’

ഗുണമേന്മയേറിയ ഭക്ഷ്യവസ്തുക്കള്‍ നാട്ടില്‍തന്നെ ഉത്പാദിപ്പിക്കുകയെന്ന സ്വാശ്രയ പാഠത്തിന്റെ ഭാഗമായി മലയാളികളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ചലഞ്ചുകളിലൊന്നാണ് വീട്ടില്‍ ഒരാടിനെ വളര്‍ത്തുക എന്നുള്ളത്.

പാവപ്പെട്ടവന്റെ പശു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആടുകള്‍ സാധാരണക്കാരന് പ്രത്യേകിച്ച്‌ വീട്ടമ്മമാര്‍ക്ക് എന്നും ആശ്രയമാണ്.ഏത് ദുരന്തകാലത്തും ആശ്രയമാകാന്‍ വീട്ടുവളപ്പില്‍ വളര്‍ത്തുന്ന ആടിനോളം ചേര്‍ച്ചയുള്ള വേറൊരു മൃഗവുമില്ല. പശു വളര്‍ത്താന്‍ സ്ഥലവും സൗകര്യവുമില്ലാത്തവര്‍ക്കും ആടിനെ വളര്‍ത്തി ശുദ്ധമായ പാല്‍ കുടിക്കാം. മാംസാവശ്യത്തിനായി കുഞ്ഞുങ്ങളെ വളര്‍ത്തി നല്‍കി വരുമാനമുണ്ടാക്കാം. ആട്ടിന്‍ കാഷ്ഠം അടുക്കളത്തോട്ടത്തിന് ഉത്തമ ജൈവവളമാക്കാം. ശരീരം വൃത്തിയായി സൂക്ഷിക്കുന്ന, കാഴ്ചയിലും പെരുമാറ്റത്തിലും ഓമനത്തം പ്രകടിപ്പിക്കുന്ന, വേഗം ഇണങ്ങുന്ന പ്രകൃതമുള്ള ആട്, വീട്ടില്‍ സ്നേഹം വിളമ്ബുന്ന ഓമനയുമാകും.

മുതല്‍ മുടക്കാന്‍ പരിമിതമായ വിഭവങ്ങളുള്ള സമൂഹത്തിലെ ഇടത്തരക്കാര്‍ക്കും പാവങ്ങള്‍ക്കും എപ്പോഴും വീട്ടിലുള്ള എടിഎം (Any time money) ആണ് ആടുകള്‍. ഏത് സമയത്തും കറന്നെടുക്കാവുന്ന പോഷകസമൃദ്ധമായ പാലിന്റെ സ്രോതസ്സായിരുന്നതിനാല്‍ വീട്ടിലെ ജൈവ റഫ്രിജറേറ്റര്‍ കൂടിയാണ് ആട്. ഗ്രാമീണ ഭവനങ്ങളില്‍ സാമ്ബത്തിക പോഷണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആട് വളര്‍ത്തലിനോളം പോന്ന മറ്റൊരു കാര്‍ഷികവൃത്തിയില്ല. ഔഷധ നിര്‍മാണത്തിനായി ആയുര്‍വേദ മേഖലയില്‍ ആട്ടിന്‍ പാലിനും മൂത്രത്തിനും വലിയ ഡിമാന്റ് ഉണ്ട്.

Signature-ad

അപകടങ്ങളൊന്നും വരുത്തില്ലായെന്ന ഉറപ്പുള്ളതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആടുകളെ കൈകാര്യം ചെയ്യാം. ഇവയെ കുളിപ്പിക്കേണ്ട ആവശ്യവുമില്ല. ആടുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളും കുറവാണ്. സ്ഥല പരിമിതിയും തൊഴിലാളി ദൗര്‍ലഭ്യവും പരിസര മലിനീകരണവും മൃഗസംരക്ഷണത്തിന് പ്രതിബന്ധമാകുമ്ബോള്‍ ‘ഓരോ വീട്ടിലും ഓരാട് ‘എന്ന ആശയം വീട്ടില്‍ത്തന്നെ ശുദ്ധമായ പാലും മാംസവും ഉത്പാദിപ്പിക്കാന്‍ വഴിയൊരുക്കുന്നു.

നല്ലൊരു തള്ളയാടിനെ കണ്ടെത്തിയാല്‍ ആടിനൊരു കൂടൊരുക്കാം. ദിവസം മുഴുവന്‍ കൂടിനകത്തു നിര്‍ത്താനുള്ള സൗകര്യമേയുള്ളൂവെങ്കില്‍ 4-6 ചതുരശ്ര മീറ്റര്‍ (നാല്‍പ്പതടി) വരുന്ന കൂട് നിര്‍മിക്കാം. പുറത്തേക്ക് അഴിച്ചു കെട്ടാനും മേയാന്‍ വിടാനും സൗകര്യമുണ്ടെങ്കില്‍ ഇതിന്റെ പകുതി സ്ഥലം മതി. തറനിരപ്പില്‍ നിന്ന് അരയടിയോളം ഉയരത്തില്‍ മരപ്പലകകള്‍ ഉപയോഗിച്ച്‌ കൂട് നിര്‍മിക്കാം. കൂടുകളില്‍ ആവശ്യത്തിന് വായുവും വെളിച്ചവും വേണം. മൂത്രവും കാഷ്ഠവും തങ്ങി നില്‍ക്കത്തക്കവിധം പലകകള്‍ക്കിടയില്‍ വിടവുകള്‍ നല്‍കണം. ചരിഞ്ഞ മേല്‍ക്കൂര ഒന്നര മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കാം. അരമീറ്ററെങ്കിലും മേല്‍ക്കൂര വശങ്ങളിലേക്ക് തള്ളി നിര്‍ത്തി മഴയില്‍ നിന്ന് സംരക്ഷിക്കണം. വശങ്ങളില്‍ മരപ്പലകകളോ കമ്ബിവലകളോ ഉപയോഗിച്ച്‌ ആടുകളെ സംരക്ഷിക്കാം. ഒരു ഭാഗത്ത് അരമീറ്റര്‍ വീതിയും ഒരുമീറ്റര്‍ ഉയരവുമുള്ള ഒരു വാതിലും നല്‍കാം.

ശരീര തൂക്കത്തിനനുസരിച്ച്‌ 3-5 കി.ഗ്രാം പച്ചപ്പുല്ലോ വൃക്ഷ ഇലകളോ ആടിന് ഒരു ദിവസം ആവശ്യമായി വരും. ഇത് വര്‍ഷം മുഴുവന്‍ ലഭിക്കാനുണ്ടെന്ന് ഉറപ്പാക്കണം. പുല്ലിന്റെയും ഇലകളുടെയും ഗുണം നന്നായാല്‍ ജീവിച്ചു പോകാന്‍ അതു മതി. കറവയുള്ളവയ്ക്ക് പാലുത്പാദനമനുസരിച്ച്‌ ഒരു ദിവസം 200-500 ഗ്രാം സാന്ദ്രീകൃത തീറ്റ നല്‍കണം. ഇതില്‍ വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങള്‍, തവിട്, പിണ്ണാക്ക്, മിനറല്‍ മിക്‌സ്ചര്‍ എന്നിവ ഉള്‍പ്പെടുത്താം.

ഒരു വയസ് പ്രായമാകുന്നതടെ പെണ്ണാടുകളെ ഇണ ചേര്‍ക്കാം. കൃത്രിമ ബീജാദാനത്തിനുള്ള സൗകര്യം മൃഗാശുപത്രികളില്‍ ലഭ്യമാണ്.കൂട്ടില്‍ത്തന്നെ വളര്‍ത്തുന്ന ആടുകള്‍ക്ക് ആന്തര, ബാഹ്യ പരാദ ബാധ കുറവായിരിക്കുമെങ്കിലും ആവശ്യമുള്ളപ്പോള്‍ വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം വിരയിളക്കാം. ആദ്യത്തെ മൂന്നു മാസം പ്രായത്തില്‍ കൃത്യമായി വിരമരുന്ന് നല്‍കുകയും പിന്നീട് കാഷ്ഠം പരിശോധന നടത്തി കൃത്യമായുള്ള മരുന്ന് നല്‍കുകയും വേണം. കുളമ്ബുരോഗം, ടെറ്റനസ്, ആടു വസന്ത എന്നിവയ്‌ക്കെതിരെയുള്ള രോഗപ്രതിരോധ കുത്തിവയ്പുകളും നല്‍കാം.

കൂട്ടില്‍ മാത്രം നിര്‍ത്തുന്ന ആടുകളെ ദിവസവും അല്‍പ്പ സമയം പുറത്തിറക്കി നടത്തുന്നത് കുളമ്ബിന്റെ പ്രശ്നങ്ങള്‍ ഒഴിവാക്കും. ആട്ടിന്‍ കുട്ടികള്‍ക്ക് ആദ്യ മൂന്നുമാസം പ്രായംവരെ തള്ളയുടെ പാല്‍ കുടിക്കാന്‍ അനുവദിക്കണം.

Back to top button
error: