KeralaNEWS

ശബരി പാത: ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കും; എന്നിട്ടും അനുമതിയില്ല

കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ  അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാമെന്നറിയിച്ചിട്ടും പദ്ധതിയോട് മുഖം തിരിച്ച് കേന്ദ്ര സർക്കാർ.
രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് അയോധ്യയിൽ പുതിയ റയിൽവെ സ്റ്റേഷനും വിമാനത്താവളവും ഒക്കെ നിർമ്മിക്കുമ്പോഴാണ് അയ്യപ്പ ഭക്തരോടുള്ള കേന്ദ്ര സർക്കാരിന്റെ ഈ‌ വിവേചനം.
ഏഴ് കിലോമീറ്റർ റെയിലും ഒരു പാലവും നിർമിച്ചശേഷം മരവിപ്പിച്ച പദ്ധതിക്ക് വീണ്ടും ജീവൻവെപ്പിക്കുന്നതിന് തങ്ങൾ ചിലവിന്റെ പകുതി വഹിക്കാമെന്ന് കേരള സർക്കാർ വർഷങ്ങൾക്കു മുൻപ് തന്നെ അറിയിച്ചതാണ്.
25 ഹെക്ടറോളം സ്ഥലം ഏറ്റെടുക്കുകയും 264 കോടിയോളം രൂപയുടെ പ്രവൃത്തി നടത്തുകയും ചെയ്തശേഷമാണ് ഒരു കാരണവുമില്ലാതെ റയിൽവെ ഈ‌ പദ്ധതി നിർത്തിവെച്ചത്.
1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലിയിൽ നിന്നും എരുമേലി വഴി തിരുവനന്തപുരത്തേക്കുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്‍റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വെ താല്പര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 2815 കോടി രൂപയായി ഉയര്‍ന്നു.
നിര്‍മാണ ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയില്‍വെ എടുത്തു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വെയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ചെലവിന്‍റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്ന നിലപാടില്‍ റെയില്‍വെ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്‍റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് പിന്നീട് അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാർ കേന്ദ്രത്തെ അറിയിച്ചത്.
2021-ലെ സംസ്ഥാന ബജറ്റിൽ ശബരി പദ്ധതിക്ക് കിഫ്ബിയിൽനിന്ന് 2000 കോടി രൂപ വകയിരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തുടർന്ന് കെ-റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ രൂപരേഖയും വിശദ പദ്ധതിരേഖയും റെയിൽവേക്ക് സമർപ്പിക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാർതലത്തിൽ ധാരണയാവുകയും ചെയ്തതാണ്.എന്നാൽ കഴിഞ്ഞ ബജറ്റിൽ കേന്ദ്രം ശബരിപാതയ്ക്കായി  വകയിരുത്തിയത് വെറും നൂറുകോടി രൂപ മാത്രമായിരുന്നു.പദ്ധതി ഒരടി പോലും മുന്നോട്ടു നീങ്ങിയതുമില്ല.
കേരളത്തോട് റെയിൽവേ മന്ത്രാലയം അനുഭാവം കാട്ടുന്നില്ലെന്ന് വർഷങ്ങളായി പരാതിയുള്ളതാണ്. സ്ഥലമെടുത്തുനൽകിയിട്ടും പ്രവൃത്തി ഉദ്ഘാടനത്തിനുശേഷം കഞ്ചിക്കോട്ടെ നിർദിഷ്ട കോച്ച് ഫാക്ടറി പദ്ധതി മരവിപ്പിച്ചതും പുതിയ റെയിൽവേ ലൈനുകൾക്കുള്ള നിർദേശങ്ങൾ അവഗണിച്ചതുമടക്കം പരാതികൾ ഏറെയാണ്. തലശ്ശേരി-മൈസൂരു, നിലമ്പൂർ-നഞ്ചൻകോട് തുടങ്ങിയ പുതിയ ലൈനുകളെക്കുറിച്ചും പാലക്കാട് ഡിവിഷനിൽ കോച്ച് റിപ്പയർ യൂണിറ്റ് തുടങ്ങുന്നതിനെക്കുറിച്ചുമെല്ലാം റയിൽവെ മൗനം പാലിക്കുകയുമാണ്.
 ശബരിപാതയടക്കം കേരളത്തിലെ റെയിൽ പദ്ധതികളെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി  മുഖ്യമന്ത്രി പിണറായി വിജയൻ പലതവണ ചർച്ചകൾ നടത്തിയെങ്കിലും കൂടുതൽ വണ്ടികൾ അനുവദിക്കുന്നതിലടക്കം കേരളത്തിന് അർഹമായ പരിഗണന ഇപ്പോഴുമില്ലെന്നതാണ് വസ്തുത.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർഥാടനകേന്ദ്രമായ ശബരിമലയിൽ ഭക്തർക്ക് വേഗത്തിലും സൗകര്യപ്രദമായും എത്തുന്നതിനുള്ള മാർഗം എന്ന പരമപ്രാധാന്യത്തിനു പുറമേ, മധ്യ-തെക്കൻ കേരളത്തിലെ ജനങ്ങളുടെ ചിരകാലാഭിലാഷവുമാണ് ശബരിപാത. അങ്കമാലിയിൽനിന്ന് കാലടിയിലേക്കും അവിടെനിന്ന് എരുമേലിയിലേക്കുമുള്ള 116 കിലോമീറ്റർ പാത പിന്നീട് പുനലൂരിലേക്കും മൂന്നാം ഘട്ടത്തിൽ നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കും നീട്ടാനാവുമെന്ന് പദ്ധതി രൂപകല്പനചെയ്യുന്ന സമയത്തുതന്നെ വിഭാവനംചെയ്തതാണ്. അത് തത്കാലം പരിഗണനയിലില്ലെങ്കിലും ഒന്നാംഘട്ടമായ ശബരിപാതയുടെ പ്രവൃത്തി ഇനിയും വൈകാതിരിക്കാനുള്ള നടപടികളെങ്കിലും കേന്ദ്ര സർക്കാർ കൈക്കൊള്ളുക തന്നെ വേണം.

Back to top button
error: