ന്യൂഡല്‍ഹി: പ്രിയാ വര്‍ഗ്ഗീസിന്റെ നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്രിയയുടെ നിയമനം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുജിസി സമര്‍പ്പിച്ച ഹരജിയിന്മേലാണ് സര്‍വ്വകലാശാലയുടെ സത്യവാങ്മൂലം.
പ്രിയാ വര്‍ഗ്ഗീസിന്റെ നിയമനം സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത് യുജിസിയാണ്. പ്രിയയുടെ നിയമനം അംഗീകരിക്കുന്നതായിരുന്നു കേരള ഹൈക്കോടതിയുടെ വിധി.
അയോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018 മാനദണ്ഡമനുസരിച്ച് പ്രിയാ വര്‍ഗീസിന് സാധിക്കില്ലെന്നാണ് യുജിസിയുടെ നിലപാട്. കേരള ഹൈക്കോടതിയെ യുജിസി ഈ നിലപാട് അറിയിച്ചിരുന്നതുമാണ്. എന്നാല്‍ ഹൈക്കോടതി ഈ വാദം തള്ളുകയും പ്രിയയുടെ നിയമനം ശരിവെക്കുകയും ചെയ്തു.
യുജിസിയെ സംബന്ധിച്ച് വളരെ പ്രതിസന്ധികളുണ്ടാക്കുന്ന വിധിയാണിത്. 2018ല്‍ റെഗിലേഷനില്‍ പറയുന്ന യോഗ്യതകളില്ലാത്തതിനാല്‍ മുമ്പ് ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രിയ വര്‍ഗീസ് കേസ് മുന്‍നിര്‍ത്തി കോടതിയില്‍ പോകാനിടയുണ്ട്. കേസില്‍ തന്റെ വാദവും കേള്‍ക്കണമെന്ന് പ്രിയാ വര്‍ഗീസ് തടസ്സഹര്‍ജി നല്‍കിയിട്ടുമുണ്ട്.
എട്ടു വര്‍ഷത്തെ അധ്യാപന പരിചയമാണ് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെത്താന്‍ യുജിസി ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രിയാ വര്‍ഗീസ് ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം പ്രകാരം ഡെപ്യൂട്ടേഷനില്‍ മൂന്നുവര്‍ഷം പിഎച്ച്ഡി ചെയ്തിരുന്നു. പിന്നീട് കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് ഡീന്‍ ആയി രണ്ടുവര്‍ഷം ജോലി ചെയ്യുകയുമുണ്ടായി. ഈ കാലയളവ് 2018ലെ ചട്ടങ്ങള്‍ പ്രകാരം അധ്യാപന കാലയളവായി കണക്കാക്കുന്നില്ല. എന്നാല്‍ ഗോപിനാഥ് രവീന്ദ്രന്‍ വിസിയായിരിക്കെ നടന്ന പ്രിയയുടെ നിയമനത്തില്‍ ഈ കാലയളവിനെ അധ്യാപന കാലയളവായാണ് കണക്കാക്കിയത്.
ഈ നിയമനം ചട്ടവിരുദ്ധമാണെന്നു കാണിച്ച് പ്രശസ്ത ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ജോസഫ് സ്‌കറിയ കോടതിയെ സമീപിച്ചു. തികഞ്ഞ അധ്യാപന പരിചയമുള്ള താന്‍ അപേക്ഷകനായി ഉണ്ടെന്നിരിക്കെ, അധ്യാപന പരിചയം കുറഞ്ഞ പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത് തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. യുജിസിയും പ്രിയയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെ ഹൈക്കോടതി കണക്കിലെടുത്തില്ല. പ്രിയയ്ക്ക് നിയമനം നല്‍കി.