ഭോപ്പാല്‍: മധ്യപ്രദേശില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായി. ഗുജറാത്ത്, രാജസ്ഥാന്, ഝാര്‍ഖണ്ഡ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെയാണ് കാണാതായത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് പ്രിയങ്ക് കനുങ്കോ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് ബാലവകാശ കമ്മീഷന് വിശദീകരണം തേടി.
അനാഥാലയത്തിലെ രജിസ്റ്റര്‍ ചെയര്മാന് പരിശോധിച്ചപ്പോള്‍ അതില്‍ കുട്ടികളുടെ എണ്ണം 68 ആയിരുന്നു. പരിശോധിച്ചപ്പോള്‍ 26പേരെ കാണാനില്ലെന്ന് ചെയര്മാന് കണ്ടെത്തി. ഷെല്‍ട്ടര്‍ ഹോം മാനേജരോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും തൃപ്തികരമായ വിശദീകരണം നല്‍കാനായില്ല. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പൊലീസ് കേസ് എടുത്തു.
കാണാതായ പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരും ഗുജറാത്ത്, രാജസ്ഥാന്, ഝാര്‍ഖണ്ഡ്, മധ്യേപ്രദേശിലെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവരാണ്. നിയമവിരുദ്ധമായി നടത്തുന്ന അനാഥാലയത്തില്‍ പരിശോധനയ്ക്കിടെ നിരവധി ക്രമക്കേടുകളും കണ്ടെത്തി. തെരുവില്‍ അനാഥാരായി നടക്കുന്ന കുട്ടികളെയാണ് ഇവര്‍ അനാഥാലയത്തില്‍ എത്തിച്ചത്. രക്ഷപ്പെടുത്തിയ കുട്ടികളെ ക്രിസ്ത്യന്‍ മതം പഠിപ്പിച്ചതായും ചെയര്മാന് പറഞ്ഞു.