IndiaNEWS

സുരേഷ്‌ഗോപി ജയിക്കണം, സുരേന്ദ്രന് മോദിയുടെയും ഷായുടെയും താക്കീത്

തൃശൂർ: ഗ്രൂപ്പിസം വേണ്ടെന്നും സുരേഷ് ഗോപി ഇത്തവണ ജയിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും താക്കീത്.
കേരള ബി ജെ പിയിലെ ഗ്രൂപ്പിസം ഇനി വേണ്ടന്ന താക്കീതുമായി കേന്ദ്ര നേതാക്കൾ എത്തുമ്പോൾ വെട്ടിലാവുന്നത് കെ സുരേന്ദ്രനും വി മുരളീധരനും ഉൾപ്പെടെയുള്ള നേതാക്കളാണ്. ഇനിയുള്ള തീരുമാനങ്ങൾ എല്ലാം തന്നെ ദേശീയ നേതൃത്വം എടുക്കുമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. മാത്രമല്ല സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തവും കേരള നേതൃത്വത്തിന് തന്നെയായിരിക്കുമെന്നും അങ്ങനെ വന്നാൽ കനത്ത നടപടി അവർക്കെതിരെ ഉണ്ടാകുമെന്ന മുന്നറിയിപ്പും കേന്ദ്ര നേതൃത്വം അറിയിച്ചു.
ബിജെപിക്കുള്ള വലിയ വെല്ലുവിളി ബിജെപി.യിലുള്ളവർ തന്നെയാണെന്ന്  തൃശ്ശൂരിൽ നടന്ന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ദേശീയ ജനറൽസെക്രട്ടറി ഡോ. രാധാമോഹൻ അഗർവാൾ എംപി.പറഞ്ഞു. ബിജെപി.യിലെ പടലപ്പിണക്കത്തിനും ഗ്രൂപ്പിസത്തിനു മെതിരേയുള്ള കേന്ദ്രനേതൃത്വത്തിന്റെ പരോക്ഷ താക്കീതായി ഇതിനെ വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂർ സന്ദർശനത്തിനു മുന്നോടിയായി നടത്തിയ സംസ്ഥാന നേതൃയോഗത്തിലാണ് സ്വയംവിമർശനമുയർന്നത്.
 ‘ഗ്രൂപ്പിസം അനുവദിക്കില്ല. കേരളത്തിലെ സ്ഥാനാർത്ഥികളെ അടക്കം ദേശീയ നേതൃത്വം തീരുമാനിക്കും. ഇതിനുള്ള സർവ്വേ ദേശീയ നേതൃത്വം അതീവ രഹസ്യമായി പൂർത്തിയാക്കിയിട്ടുണ്ട്.മോദി കേരളത്തിൽ എത്തുമ്പോൾ വ്യക്തമായ മാർഗ്ഗ നിർദ്ദേശം നൽകുമെന്നും’ ഡോ. രാധാമോഹൻ അഗർവാൾ പറഞ്ഞു.

Back to top button
error: