CrimeNEWS

മൃതദേഹം കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണിതിരുകിയനിലയില്‍; മൈലപ്രയില്‍ അന്വേഷണത്തിന് പ്രത്യേകസംഘം

പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊലപാതകത്തിനുപിന്നില്‍ വലിയ ആസൂത്രണം ഉണ്ട് എന്നാണ് പ്രാഥമിക നിഗമനം. വായില്‍ തുണിതിരുകി കൈകാലുകള്‍ കെട്ടിയനിലയിലായിരുന്നു വയോധികന്റെ മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റോഫീസിനുസമീപം പുതുവേലില്‍ സ്റ്റോഴ്‌സ് എന്ന കട നടത്തിയിരുന്ന പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണി (73) ആണ് കൊല്ലപ്പെട്ടത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും രാവിലെത്തന്നെ കടയിലെത്തി പരിശോധന നടത്തി. എസ്.പിയുടെ നേതൃത്വത്തില്‍ രണ്ട് ഡി.വൈ.എസ്.പിമാര്‍ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.

Signature-ad

മോഷണശ്രമത്തിനിടെ ആയിരിക്കാം കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം, വെയിലേല്‍ക്കാതിരിക്കാന്‍ കടയുടെ മുന്‍ഭാഗം പച്ച കര്‍ട്ടന്‍ ഉപയോഗിച്ച് മറച്ച ശേഷം കടയില്‍ കിടന്നുറങ്ങാറുള്ള പതിവ് ജോര്‍ജിനുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കടയില്‍ സാധനം വാങ്ങാന്‍ എത്തിയ ആള്‍, ജോര്‍ജിനെ വിളിച്ചെങ്കിലും കണ്ടില്ല. അകത്തുകയറി നോക്കുമ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.

ഇയാളുടെ എട്ടുപവനോളം വരുന്ന മാല കാണാതായിട്ടുണ്ട്. കടയിലേക്ക് സാധനങ്ങള്‍ വാങ്ങിക്കുന്നതിനും മറ്റുമായി ഇയാള്‍ ഉള്‍വസ്ത്രത്തിനുള്ളില്‍ കുറച്ചധികം പണം സൂക്ഷിക്കാറുണ്ടായിരുന്നു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കൊക്കെ ഉള്ളതിനാല്‍ ആവശ്യമായ തുക എപ്പോഴും കൈയില്‍ കരുതിയിരുന്നു. ഇതും നഷ്ടപ്പെട്ടിട്ടുണ്ട്. കടയിലെ സി.സി.ടി.വി.യുടെ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയതായും കണ്ടെത്തി.

ജോര്‍ജിനെ വ്യക്തമായി അറിയാവുന്ന ആളായിരിക്കാം കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി മൈലപ്രയില്‍ കടനടത്തി വരികയായിരുന്നു. നേരത്തെ ലിബിയയില്‍ കണ്‍സ്ട്രക്ഷന്‍ പണിയായിരുന്നു ജോര്‍ജിന്. 30 വര്‍ഷത്തിന് മുമ്പാണ് അവിടെ നിന്ന് വന്ന് നാട്ടില്‍ കട തുടങ്ങി കച്ചവടം ആരംഭിച്ചത്.

ജോര്‍ജിന്റെ ഭാര്യ അന്നമ്മ ജോര്‍ജ്. മക്കള്‍: ഷാജി ജോര്‍ജ് (മൈലപ്ര സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറി), സുരേഷ് ജോര്‍ജ്. മരുമക്കള്‍: ആശ ഷാജി, ഷേര്‍ളി സുരേഷ്.

 

Back to top button
error: