റിയാദ്: പണം കൊള്ളയടിക്കാനായി സൗദി പൗരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക സ്വദേശിയെ സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധേയമാക്കി. കര്‍ണാടക മംഗലാപുരം സ്വദേശി സമദ് സാലി ഹസന്‍ എന്നയാളെയാണ് സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷക്ക് വിധേയമാക്കിയത്. അലി ബിൻ ത്രാദ് അൽഅനസിയെയാണ് സമദ് സാലി കൊലപ്പെടുത്തിയത്.
മോഷണത്തിനായി വീട്ടിൽ കടന്നുകയറിയ സമദ് സാലി സൗദി പൗരനെ കെട്ടിയിട്ട ശേഷം തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ പൊലീസ് സമദിനെ പിടികൂടി ചോദ്യം ചെയ്തു. സമദ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അന്വേഷണവും പൂര്‍ത്തിയാക്കി കുറ്റവാളിയെ കോടതിക്ക് കൈമാറി. കോടതിയില്‍ കുറ്റം തെളിയിക്കാനും പൊലീസിലെ അന്വേഷണ വിഭാഗത്തിന് കഴിഞ്ഞു. തുടര്‍ന്ന് സുപ്രീം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
ശരീഅത്ത് നിയമപ്രകാരം തീരുമാനിച്ച വിധി നടപ്പാക്കാന്‍ രാജാവും പിന്നീട് ഉത്തരവിട്ടിതായി ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അടുത്തിടെ സൗദി അറേബ്യയില്‍ പെണ്‍മക്കളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ത്വലാല്‍ ബിന്‍ മുബാറക് ബിന്‍ ഖലീഫ് അല്‍ഉസൈമി അല്‍ഉതൈബിക്കിന്റെ വധശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയത്. പെണ്‍മക്കളെ വാഷിങ് മെഷീനിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതിനാണ് ശിക്ഷ നടപ്പാക്കിയത്.